എസ്‌ഐസി സന്ദേശ യാത്ര ചരിത്രമായി, മദീന സംഗമത്തോടെ ഉജ്ജ്വല സമാപനം

0
1348

മദീന: ‘നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി’ എന്ന പ്രമേയത്തിൽ നടന്ന ദ്വൈമാസ കാംപയിനോടനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി നടത്തിയ സന്ദേശ യാത്രക്ക് മദീനയിൽ ഉജ്ജ്വല സമാപനം. സുന്നി യുവജന സംഘം സംസ്ഥാന സിക്രട്ടറിയും എസ്‌ഐസി നിരീക്ഷകനുമായ അബ്ദുസമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളം സഊദിയുടെ വിവിധ ഭാഗങ്ങളിൽ സെൻട്രൽ, പ്രവിശ്യ കമ്മിറ്റികളുടെ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്ന് പോയ സമസ്ത സന്ദേശയാത്രക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിഴക്കൻ സഊദിയിലെ അൽ ഖോബാറിൽ നിന്ന് ആരംഭിച്ച സന്ദേശ യാത്ര പതിനായിരത്തോളം കിലോമീറ്ററുകൾ പിന്നിട്ട് വിശുദ്ധ മദീന മണ്ണിൽ പര്യവസാനിച്ചു. സമാപന സമ്മേളനമായ മദീന സംഗമത്തിൽ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സെൻട്രൽ, പ്രവിശ്യ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പ്രവർത്തകരാണ് സമ്മേളിച്ചത്. സമസ്തയുടെ സന്ദേശവും ലക്ഷ്യവും മലയാളികൾക്കിടയിൽ പ്രചരിപ്പിക്കാനും സാമൂഹ്യ ബാധ്യതകൾ നിറവേറ്റാനുമുള്ള ആഹ്വാനങ്ങൾ ഏറ്റെടുത്താണ് പ്രവർത്തകർ മദീന സംഗമത്തിൽ നിന്ന് യാത്ര തിരിച്ചത്.

സമാപന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത കേന്ദ്ര മുശവറ അംഗം അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ, സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ, അബ്ദുസ്വമദ് പൂക്കോട്ടൂർ എന്നിവരുടെ സാന്നിധ്യം സഊദിയിലെ പ്രവർത്തകർക്ക് ഊർജ്ജമായി. വിശുദ്ധ മസ്ജിദുന്നബവിയിലെ ജുമുഅ നിസ്കാര ശേഷം തുടക്കം കുറിച്ച മദീന മീറ്റ് മൂന്ന് വ്യത്യസ്ത, ചിന്തോദ്ധീപമായ സെഷനുകളോടെ നടന്നു. സമാപന സെഷനിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനവും പ്രവർത്തകർക്കുള്ള നസ്വീഹത്തും നൽകി.

പ്രവർത്തനങ്ങൾ തഖ്‌വയിൽ ഊന്നിയുള്ളതാകണമെന്നും ജനങ്ങൾ കാണണമെന്ന ചിന്തയിൽ നിന്നായിരിക്കരുതെന്നും തങ്ങൾ ഓർമ്മപ്പെടുത്തി. സമസ്ത നേരായ പാതയാണ്, മുൻഗാമികളായ മഹാന്മാരായ പണ്ഡിതന്മാരാണ് ഇതിനെ പടുത്തുയർത്തിയത്, അവർ കാണിച്ചു തന്നെ വെള്ളിവെളിച്ചമായ ഈ മാർഗ്ഗം കെടാതെ കാത്ത് സൂക്ഷിക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു. പ്രാസ്ഥാനിക രംഗത്ത് നൂറ്റാണ്ട് പൂർത്തിയാക്കാൻ ഒരുങ്ങുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേരളക്കരയും ഇന്ത്യയും പിന്നിട്ട് ആഗോള തലത്തിൽ തന്നെ ചരിത്രം കുറിക്കുകയാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി പതാക ഉയർത്തിയതോടെ സമാപന സംഗമത്തിന് തിരശീല ഉയർന്നു. ഉദ്ഘാടന സംഗമത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശവറ അംഗം അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ സൈദ് ഹാജി മൂന്നിയൂർ സ്വാഗതവും സിക്രട്ടറി മുനീർ ഫൈസി മാമ്പുഴ നന്ദിയും പറഞ്ഞു.

രാത്രിയോടെ നടന്ന സമാപന സമ്മേളനത്തിൽ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസിയുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്വമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. വർക്കിങ് സിക്രട്ടറി റാഫി ഹുദവി പ്രവർത്തന രൂപ രേഖ അവതരിപ്പിച്ചു. സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ചെയർമാൻ അലവികുട്ടി ഒളവട്ടൂർ, കുഞ്ഞിമോൻ കാക്കിയ എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡന്റ് സയ്യിദ് ജമലുല്ലൈലി തങ്ങൾ പ്രാർത്ഥന നടത്തി. ബഹ്‌റൈൻ സമസ്ത പ്രതിനിധി വി കെ കുഞ്ഞമ്മദ് ഹാജി സംബന്ധിച്ചു. ഹാഫിദ് അബൂബക്കർ ഫൈസി അഞ്ചരക്കണ്ടി ഖിറാഅത് നടത്തി. ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ സ്വാഗതവും ട്രഷറർ ഇബ്‌റാഹീം ഓമശേരി നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക