ജിദ്ദ: ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ബുക്ക് ഹറാജ് നവംബർ 19 ശനിയാഴ്ച വൈകിട്ട് നാലു മണി മുതൽ ഷറഫിയ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അങ്കണത്തിൽ നടക്കും. ഇന്ത്യൽ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ നാൽപതാം വാർഷികത്തിൻറെ ഭാഗമായാണ് ബുക്ക് ഹറാജ് ഉൾപ്പെടെ വിവിധ പരിപാടികളുമായി ലിറ്റ് എക്സ്പോ സംഘടിപ്പിക്കുന്നത്.
വായനയെ ഇഷ്ടപെടുന്ന, പുസ്തകങ്ങളെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിനായി പഴയതും പുതിയതുമായ രണ്ടായിരത്തോളം പുസ്തകങ്ങൾ വിവിധ സ്റ്റാളുകളിലായി ലഭ്യമാകും. വായന പ്രോത്സാഹിപ്പിക്കുവാനും വായിച്ച പുസ്തകങ്ങൾ കൈമാറ്റം ചെയ്യുവാനും അവസരമൊരുക്കിക്കൊണ്ട് ലിറ്റ് എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായി. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ചെറിയ വിലക്ക് വാങ്ങാൻ അവസരം ലഭിക്കുന്നതോടൊപ്പം രാജ്യാന്തര എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും പുതിയ പുസ്തകങ്ങൾ സ്റ്റാളുകളിൽ ഉണ്ടായിരിക്കും. കൂടാതെ വിദ്യാർത്ഥികൾക്കായുള്ള അക്കാദമിക് പുസ്തകങ്ങളും ഗൈഡുകളും ബുക് ഹരാജിൽ ലഭ്യമായിരിക്കും.
ലോകക്കപ്പിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് ‘ഹയ്യ ഹയ്യ’ വേൾഡ് കപ്പ് ഹീറ്റ്‌സിൽ സെൽഫി കോർണർ, ലോകക്കപ്പിലെ മുൻകാല ഇവെന്റുകൾ കോർത്തിണക്കിയ വീഡിയോ പ്രദർശനം, പ്രിയപ്പെട്ട ടീമുകളുടെ ജേഴ്‌സിയുമായി സ്നാപ്പുകളെടുക്കാനും ലോകക്കപ്പ് ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടാനുമുള്ള അവസരം, കലയെ സ്നേഹിക്കുന്നവർക്കും കാലിഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും വേണ്ടി കരവിരുതിൽ വിസ്മയം തീർത്ത പെയിന്റിങ്, കാലിഗ്രഫി പ്രദർശനമായ ആർടിബിഷൻ, ആധുനിക സമൂഹത്തിന് ഉപകാരപ്പെടുന്ന അറിവുകൾ സമ്മാനിച്ച ലോക മുസ്‌ലിം ചരിത്രത്തിലെ ശാസ്ത്ര സാഹിത്യ പ്രതിഭകളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തുന്ന ലെഗസി, വരയിൽ വിസ്മയം തീർക്കാൻ കുട്ടികൾക്കായി ഓപ്പൺ ക്യാൻവാസ്, വായനയുടെയും രുചിയുടെയും ആസ്വാദനവുമായി ബുക്സ്റ്റോറന്റ് തുടങ്ങി വിജ്ഞാനവും വിനോദവും ഉൾപ്പെടുത്തിയ വ്യത്യസ്ങ്ങളായ സ്റ്റാളുകൾ ലിറ്റ് എക്സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.