ജിദ്ദ കേരള പൗരാവലിയുടെ ലോകക്കപ്പ് വരവേൽപ്പ് പരിപാടികൾ നാളെ

ജിദ്ദ: നവംബർ ഇരുപതിന്‌ ഖത്തറിൽ കിക്ക്‌ ഓഫ് ചെയ്യപ്പെടുന്ന ലോകക്കപ്പിനെ വരവേൽക്കാൻ ജിദ്ദ കേരള പൗരാവലി ‘വേൾഡ് കപ്പ് ഫിയസ്റ്റ’ എന്നപേരിൽ വർണ്ണാഭമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവംബർ 18 വെള്ളിയാഴ്ച്ച വൈകീട്ട് 5.30 മുതൽ ജിദ്ദ ഖാലിദ്‌ ബിൻ വലീദ് റിയൽ കേരള സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെവൻസ് സോക്കർ, മാർച്ച് പാസ്റ്റ്, ഷൂട്ട് ഔട്ട്, ഗേൾസ് ഫുട്‍ബോൾ, അർജെന്റീന7 ആന്റ് ബ്രസീൽ7, ഫ്ലാഷ് മോബ്‌, ഓട്ടംതുള്ളൽ, ഒപ്പന വിവിധ കേരളീയ കലാ രൂപങ്ങൾ തുടങ്ങിയ പാരിപാടികൾ ഫിയസ്റ്റക്ക് മാറ്റുകൂട്ടുമെന്നും  ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള ജില്ല, പ്രാദേശിക കൂട്ടായ്മയിലെ കലാ കായിക പ്രേമികളുടെ സാന്നിധ്യം വിവിധ പരിപാടികളിൽ ഉണ്ടായിരിക്കും. തിരുവന്തപുരം സ്വദേശി സംഗമം, ജെ.എൻ. എച്ച്. എഫ്. സി, ജിദ്ദ പാന്തേഴ്സ് ഫോറം, കൊല്ലം ജില്ല പ്രവാസി കൂട്ടായ്മ, വയനാട്, തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ല സംഘടനകൾക്ക് പുറമെ ടീം തരിവളയും ഇശൽ കലാ വേദിയും പാരിപാടിയുടെ ഭാഗമാകുമെന്നും അവർ പറഞ്ഞു. ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക കായിക കലാ രംഗത്തുള്ള സംഘടനകളുടെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും പിന്തുണ ജിദ്ദ കേരള പൗരാവലി നടത്തുന്ന വേൾഡ് കപ്പ് ഫിയസ്റ്റക്ക് ലഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

തുറായ റോയൽ എഫ്. സി, ഗ്ലോബ് എഫ്. സി, ഇത്തിഹാദ് എഫ്. സി, കെ.എൽ ടെൻ ജിദ്ദ എഫ്. സി, ജസ സ്പോർട്സ് അക്കാഡമി എന്നീ ടീമുകളാണ്‌ ലീഗ് അടിസ്ഥാനത്തിലുള്ള സെവൻസ് സോക്കറിൽ മാറ്റുരക്കുന്നത്. വേൾഡ് കപ്പ് മാതൃകയിലുള്ള ട്രോഫിയും ക്യാഷ് അവാർഡും വിജയികൾക്ക് സമ്മാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വേൾഡ് കപ്പ് ഫിയസ്റ്റയോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന സമ്മാന കൂപ്പണിലെ വിജയികൾക്ക് മൂന്ന് ടെലിവിഷനുകൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്യും.

ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ കബീർ കൊണ്ടോട്ടി (ചെയർമാൻ ജിദ്ദ പൗരാവലി), മൻസൂർ വയനാട് (ജനറൽ കൺവീനർ), ഷരീഫ് അറക്കൽ (ട്രഷറർ), ഹിഫ്‌സുറഹ്മാൻ (ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ), റാഫി ബീമാപ്പള്ളി (ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ) എന്നിവർ പങ്കെടുത്തു. പരിപാടിയിൽ വെച്ച് വേൾഡ് കപ്പ് ഫിയസ്റ്റയുടെ ഫിക്സ്ച്ചർ പ്രകാശനം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്‌ പി. എം മായീൻ കുട്ടിക്ക് നൽകി ഭാരവാഹികൾ നിർവഹിച്ചു.