റിയാദ്: കഴിഞ്ഞ മാസം നവീകരണ പ്രവർത്തനത്തിനിടെ തീപിടിത്തമുണ്ടായ ഇന്തോനേഷ്യയിലെ ജക്കാർത്ത ഇസ്ലാമിക് സെന്റർ പുനഃസ്ഥാപിക്കുന്നതിന് രാജ്യം ധനസഹായം നൽകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 19 നാണ് പള്ളിയുടെ താഴികക്കുടത്തിൽ തീ പടർന്നത്. താഴികക്കുടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന തൊഴിലാളികളിൽ നിന്നും അബദ്ധത്തിൽ തീ പടരുകയായിരുന്നു. ഉടൻ തന്നെ എല്ലാവരും രക്ഷപ്പെട്ടതിനാൽ ആളപായമൊന്നും ഉണ്ടായില്ല. എന്നാൽ തീപിടുത്തത്തിൽ താഴികക്കുടം പൂർണമായും തകർന്ന് വീണു. താഴികക്കുടത്തിൽ മേൽക്കൂര സ്ഥാപിക്കുന്ന തൊഴിലാളികൾ വാട്ടർപ്രൂഫിംഗ് അസ്ഫാൽറ്റ് ഉരുക്കുന്നതിനായി ചൂടാക്കുന്ന ഉപകരണം ഉപയോഗിക്കുന്നതിനിടെയാണ് തീ പടർന്നത്. താഴികക്കുടത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് തീ പടർന്നതെങ്കിലും താഴികക്കുടത്തിലുടനീളം തീ വേഗത്തിൽ പടരാൻ കാരണമായി.
2001-ൽ ജക്കാർത്ത ഗവർണറായ സുതിയോസോയാണ് ഈ കേന്ദ്രം നിർമ്മിച്ചത്. ഇന്തോനേഷ്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ഇസ്ലാമിന്റെ നാഗരികതയുടെ കേന്ദ്ര നോഡുകളിലൊന്നായി ഈ കേന്ദ്രത്തെ മാറ്റുന്നതിനായാണ് കേന്ദ്രം നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
109,400 ചതുരശ്ര മീറ്ററാണ് ഇസ്ലാമിക് സെന്ററിന്റെ വിസ്തീർണ്ണം, കൂടാതെ 20,000 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന 2200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പള്ളിയും, ഗവേഷണ പഠന കേന്ദ്രത്തിനും കോൺഫറൻസ് ഹാളിനും പുറമെ മറ്റു നിരവധി സൗകര്യങ്ങളും ഇതിലുണ്ട്.