നിക്ഷിപ്ത താൽപര്യവുമായി ഗവർണർ പ്രവർത്തിച്ചാൽ അതിനെ എതിർക്കപ്പെടേണ്ടതുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി

0
1281

ജിദ്ദ: ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ നിക്ഷിപ്ത താൽപര്യവുമായി ഗവർണർ പ്രവർത്തിച്ചാൽ അതിനെ എതിർക്കപ്പെടേണ്ടതുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ജിദ്ദയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസും ലീഗും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആതിൽ ആശയക്കുഴപ്പമില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. 

ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കാനുള്ള സർക്കാർ ഓഡിനൻസിൻമേൽ എന്തു നിലപാട് എടുക്കണമെന്ന കാര്യത്തിൽ പാർലമെന്ററി പാർട്ടി ചേർന്ന് പാർട്ടി ഉടൻ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്,  പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ചാൻസലർ പദവി ഗവർണർക്കല്ല. കേരളത്തിൽ ഗവർണർക്ക് ചാൻസലർ പദവി ലഭിച്ചിട്ടുള്ളത് കേരള നിയസഭ പാസാക്കിയ നിയമ പ്രകാരമാണ്. വേണമെങ്കിൽ അതു പിൻവലിക്കാനുള്ള അധികാരവും നിയമസഭക്കുണ്ട്.

കോൺഗ്രസിനെ ശക്തിപ്പെടുത്തികൊണ്ടു മാത്രമെ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയെ നേരിടാൻ കഴിയൂ. ഇക്കാര്യം വരുന്ന തെരഞ്ഞെടുപ്പിന് മുൻപായി എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. ആ രീതിയിൽ ഒരു മാറ്റം ഉണ്ടാവുമെന്നു തന്നെ പ്രതീക്ഷിക്കാമെന്നു അദ്ദേഹം കൂട്ടിചേർത്തു.

സർവകലാശാലകളിലെ എല്ലാ നിയമനങ്ങളും പാർട്ടിക്കാർക്കു മാത്രമാക്കി മാറ്റാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്. ഇതിനെ മുസ്ലിം ലീഗ് ശക്തമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറും ഇക്കാര്യത്തിലാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്. അതേസയമം
ആർ.എസ്.എസിനെ ന്യായീകരിച്ച് കെ. സുധാകരൻ നടത്തിയതായി പറയുന്ന പ്രസ്താവനയെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ  അത് ഏതടിസ്ഥാനത്തിലായിരിക്കുമെന്നതിനെക്കുറിച്ച് അറിയില്ലെന്നും ബഷീർ പറഞ്ഞു.