ദുബായ്: ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 26,104 തൊഴിൽനിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ദുബൈ മാനവവിഭവശേഷി മന്ത്രാലയം. ഇവർക്ക് പിഴയിടുകയും മറ്റു നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
പാസ്പോർട്ട് പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട് 178 കേസുകൾ കണ്ടെത്തി. ഇതിൽ 132 എണ്ണം തീർപ്പാക്കി.
ഈ കാലയളവിൽ 4.85 ലക്ഷം പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ നടത്തിയത്. തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട് 2973 കേസുകളാണ് കണ്ടെത്തിയത്. തുടർനടപടികൾക്കായി ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കിയതും കണ്ടെത്തി. ശമ്പളം ലഭിക്കുന്നതിന് 30ഓളം തൊഴിലാളികൾ വ്യാജരേഖകളിൽ ഒപ്പുവെച്ചു. രണ്ട് ലൈംഗിക അതിക്രമ കേസുകളും റിപ്പോർട്ട് ചെയ്തു. വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാത്ത 22,087 കേസുകളുണ്ട്. തൊഴിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയ 14 കേസുകൾ കണ്ടെത്തി.