കോഴിക്കോട്: ലോകകപ്പ് ആവേശവും അര്‍ജന്റീന പ്രണയവും മൂത്ത് മൂത്ത് വന്നപ്പോ നാക്കു പിഴച്ചു. ഫുട്‌ബോള്‍ താരം മെസ്സി അങ്ങ് മേഴിസ് ആയിപ്പോയി. എല്‍ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് ഈ നാക്കു പിഴ. ഖത്തര്‍ ലോകകപ്പിനെ കുറിച്ച് മീഡിയ വണ്ണിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹത്തിന് അബദ്ധം പിണഞ്ഞത്.
സംഗതി വൈറലായതോടെ കേരളം ട്രോളോട് ട്രോളിലാണ്. അര്‍ജന്റീന ആരാധകനാണ് താനെന്നും അവര്‍ മാത്രമേ വിജയിച്ച് കപ്പുംകൊണ്ട് പോകൂവെന്നും ജയരാജന്‍ ചാനലിന് കൊടുത്ത അഭിമുഖത്തിനിടെ പറഞ്ഞു.
കേരളരാഷ്ട്രീയത്തില്‍ താന്‍ ഫോര്‍വേഡ് കളിക്കാരനാണെന്നും നിരവധി പേരെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കളരി അഭ്യാസിയാണ് താനെന്നും ഫുട്ബോളില്‍ കളരി വളരെ നല്ലതാണെന്നും ഇ.പി പറയുന്നുണ്ട്. ഇതോടെയാണ് സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തത്.
ഏതായാലും സഖാവിന്റെ നാക്കു പിഴ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു ആഘോഷിക്കുകയാണ്. ഫേസ്ബുക്കിലും മറ്റും കമന്റുകളുടെ പൊടിപൂരമാണ്. പെണ്‍വേഷം കെട്ടിച്ച മെസ്സിയെ മെഴ്‌സിക്കുട്ടിയെന്ന് പോസ്റ്റ് ചെയ്യുന്നുമുണ്ട് ചിലര്‍.
‘എന്റെ ഭാര്യയായിരുന്നു മേഴ്‌സി… എന്റെ അമ്മയായിരുന്നു മേഴ്‌സി….മെസ്സി ഫാന്‍സ് ആയ സഖാക്കളുടെ ഇപ്പോഴത്തെ അവസ്ഥ’
‘മേഴ്‌സിയല്ല ഉവ്വാ അവള്‍ടെ അനിയത്തി ഗ്രേസിയാണ് കപ്പ് എടുക്കാന്‍ വന്നിരിക്കുന്നത്.
തന്റെ അമ്മയുടെ സ്മരണാര്‍ത്ഥം അമ്മയുടെ പേരായ മേഴ്‌സി എന്നുള്ള പേര് മേസ്സി സ്വീകരിക്കുകയായിരുന്നു. പിന്നീട് വിശുദ്ധ ചെഗുവരെയെ കാണാന്‍ ഇടയാവുകയും അദ്ദേഹം ആണ് മേഴ്‌സി എന്നുള്ള നാം ചുരുക്കി മേസി എന്ന് ആകുകയും ചെയ്തത്. സഗാവ് EP യുടെ ലാറ്റിന്‍ അമേരിക്കന്‍ യാത്രയില്‍ ചെഗുവരെയെ കാണുന്ന കൂട്ടത്തില്‍ മേസി യെ കുറിച്്ച വിശുദ്ധ ചെഗുവരെ സഖാവിനോ പറയുകയും് ചെയ്തു. അന്നത്തെ ഓര്‍മയില്‍ ആണ് സഗാവ് മേഴ്‌സി എന്ന് വിളിച്ചത്. മാപ്രകള്‍ അദ്ദേഹത്തെ കളിയാക്കരുത്
മേഴ്‌സിയുടെ കളി കാണാന്‍ ഞാന്‍ പുതിയ TV വാങ്ങും……ഇങ്ങനെ പോകുന്നു കമന്റുകള്‍. നൂറു കണക്കിന് കമന്റുകളാണ് വീഡിയോക്കു കീഴിലുള്ളത്.
മുമ്പ് അമേരിക്കന്‍ ബോക്‌സിങ് താരമായ മുഹമ്മദലി ക്ലേയുടെ മരണത്തില്‍ അനുശോചിച്ചപ്പോഴും ജയരാജന് തെറ്റ് പിണഞ്ഞിരുന്നു. മലപ്പുറത്തുകാരനായ മികച്ച കായികതാരമാണ് മുഹമ്മദലി എന്നായിരുന്നു കായികവകുപ്പുമന്ത്രിയായ ജയരാജന്‍ അന്ന് ചാനലിനോട് പറഞ്ഞത്. 2070 ലാണ് മുസ്‌ലിം തീവ്രവാദം ശക്തിപ്പെട്ടതെന്നും ജയരാജന്‍ അടുത്തിടെ പറഞ്ഞിരുന്നു.