റാസല്‍ഖൈമ: ഉപഭോക്താവിന്റെ ഇടിയേറ്റ് ഇടതു കണ്ണുതകര്‍ന്ന ഹോട്ടലുടമയ്ക്ക് 3-ഡി പ്രിന്റിങ് സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചതിനെത്തുടര്‍ന്ന് കാഴ്ച ഏതാണ്ട് പൂര്‍ണമായി തിരിച്ചുകിട്ടി. റാസല്‍ഖൈമയിലെ റെസ്റ്റോറന്റ് ഉടമയായ പാകിസ്താന്‍കാരന്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ആണ് പഴയജീവിതത്തിലേക്ക് തിരിച്ചുവന്നത്. കേസ് കോടതിയുടെ പരിഗണനയിലാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഫെബ്രുവരിയില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തിനിടെ ഒരു ഉപഭോക്താവ് കണ്ണില്‍ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിത ഇടിയേറ്റപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും അപ്പോള്‍ വേദനയൊന്നും ഉണ്ടായിരുന്നില്ലെന്നും അബ്ദുല്‍ മജീദ് പറഞ്ഞു. ഇടത് കണ്ണ് തുറന്നപ്പോള്‍ എല്ലാം രണ്ടായി കാണാന്‍ തുടങ്ങി. കണ്ണ് തുറക്കാനോ മുകളിലേക്ക് നോക്കാനോ കഴിഞ്ഞില്ല. പിന്നീട് രക്തസ്രാവവും ഛര്‍ദ്ദിയും തുടങ്ങിയതോടെ ആശുപത്രിയിലെത്തുകയായിരുന്നുവെന്നും മജീദ് പറഞ്ഞു.
സി.ടി സ്‌കാനില്‍ കണ്ണിന്റെ സോക്കറ്റിന് താഴെയുള്ള എല്ലുകളുടെ 50 ശതമാനത്തിലധികം ഒടിഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഐ സോക്കറ്റ് നിര്‍മിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. കണ്ണിന്റെ സോക്കറ്റിന്റെ ഒരു ലോഹ മാതൃകയാണ് ആദ്യം രൂപകല്‍പ്പന ചെയ്തത്.
ഉമ്മുല്‍ ഖുവൈന്‍ സ്‌പെഷ്യലൈസ്ഡ് ഡെന്റല്‍ സെന്ററിലെ സ്‌പെഷ്യലിസ്റ്റ് ഫേഷ്യല്‍ സര്‍ജന്മാര്‍ മെഡിക്കല്‍ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ണിന്റെ സോക്കറ്റിന്റെ അടിയില്‍ അസ്ഥി പുനര്‍നിര്‍മ്മിച്ചു. നേത്രക്കുഴി പുനര്‍നിര്‍മിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായതായി സര്‍ജന്‍ ഡോ. മുഹമ്മദ് ഫരീദ് അബ്ദുല്‍വാഹിദ് പറഞ്ഞു. ഇരട്ട കാഴ്ച ഇപ്പോള്‍ പൂര്‍ണമായും മാറിയതായി മജീദും വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




