വിമാനത്തിൽ കുഴഞ്ഞുവീണ ജവാന് പുതുജീവൻ നൽകി മലയാളി നഴ്സ്

0
2143
ന്യൂഡൽഹി: 2020-ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിന് അർഹയായതിന് രാഷ്ട്രപതിയുടെ ആശംസകളേറ്റുവാങ്ങാനുള്ള യാത്രയിൽ വിമാനത്തിലും ആതുരസേവനത്തിന്റെ മാതൃകയായി കോഴിക്കോട്ടുകാരി. കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രയിൽ, കുഴഞ്ഞുവീണ സഹയാത്രികന് സമയോജിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകിയാണ് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഗീതാഞ്ജലിയിൽ പി. ഗീത മാതൃകയായത്.
ഗീതയും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും ചേർന്നാണ് ജമ്മുവിൽ സൈനികനായ സുമൻ എന്ന 32-കാരന്റെ ജീവൻരക്ഷിച്ചത്. 2020-ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരജേതാവാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ നഴ്സിങ് സൂപ്രണ്ട് ഗീത. ഇത്തവണത്തെ അവാർഡ് ജേതാക്കൾക്കൊപ്പം കഴിഞ്ഞ തവണത്തെ അവാർഡ് ജേതാക്കൾക്കും രാഷ്ട്രപതിഭവനിലെ അവാർഡ് പരിപാടിയിൽ ക്ഷണംലഭിച്ചിരുന്നു.
തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഞായറാഴ്ച രാവിലെ 10.50-ന്റെ വിമാനത്തിൽ കോഴിക്കോട്ടു നിന്നാണ് ഗീത ഡൽഹിയിലേക്ക് യാത്രതിരിച്ചത്. വിമാനം പുറപ്പെട്ടു 45 മിനിറ്റുകൾക്കുശേഷമാണ് യാത്രക്കാരിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും ആരോഗ്യപ്രവർത്തകർ ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടത്.
ഉടൻ ഗീതയും മറ്റ് രണ്ട് ഡോക്ടർമാരും ചേർന്ന് ആവശ്യമായ ചികിത്സ ലഭ്യമാക്കി. ആരോഗ്യം വീണ്ടെടുത്ത സൈനികനെ ഡൽഹി വിമാനത്താവളത്തിലെത്തിച്ചശേഷം ആശുപത്രിയിലേക്ക് മാറ്റി. ഗീത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. സത്യപ്രകാശാണ് ഭർത്താവ്. മകൾ: അനുശ്രീ.