ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ്: വിരലടയാള പരിശോധനയിൽ മലയാളി സഊദി അതിർത്തിയിൽ അറസ്റ്റിൽ

0
4276

റിയാദ്: ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലയാളി സഊദി അതിർത്തിയിൽ അറസ്റ്റിൽ. ഖത്തറിൽ നിന്ന് കര അതിർത്തി വഴി സഊദിയിലേക്ക് വന്ന മലപ്പുറം സ്വദേശിയാണ് സഊദി അതിർത്തിയിലെ പരിശോധനയിൽ കുടുങ്ങിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തറിൽ വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം അവിടെനിന്ന് റോഡ് മാർഗം സഊദിയിലേക്ക് ഉംറക്ക് വന്നതായിരുന്നു. ഇതിനിടെയാണ് സഊദി അതിർത്തിയായ സൽവ അതിർത്തിയിൽ എമിഗ്രേഷൻ പിടിയിലായത്.

പതിനെട്ട് വർഷം മുമ്പ് നാട്ടിൽ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പതിനെട്ട് വർഷം മുമ്പ് നാട്ടിൽ നടന്ന അടിപിടിയിൽ പരിക്കേറ്റയാൾ മരിച്ചതോടെ കൊലപാതക കേസായി മാറുകയായിരുന്നു. ഈ കേസിൽ എട്ടാമത്തെ പ്രതിയായിരുന്നു ഇദ്ദേഹം.

കൊലക്കേസുമായി ബന്ധപ്പെട്ട് മറ്റു പ്രതികളെ കോടതി വിട്ടയച്ചിരുന്നു. എന്നാൽ ഇദ്ദേഹം വിചാരണവേളയിൽ ഹാജരായില്ല. ഇതാണ് ഒടുക്കം വിനയായത്. ഇതിന് ശേഷവും നിരവധി തവണ നാട്ടിലേക്ക് പോകുകയും തിരിച്ചുവരികയും പാസ്‌പോർട്ട് പുതുക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇത്തവണ സഊദിയിലേക്ക് കടക്കാനായി സൽവ ചെക്ക് പോസ്റ്റിൽ വിരലടയാളം എടുത്തപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസുള്ള വിവരം അറിഞ്ഞത്. അന്നത്തെ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കേസ് ഇന്റർപോളിന് കൈമാറുകയും ഇന്ത്യയും സഊദിയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള ധാരണാപത്രം നിലവിലുള്ളതിനാൽ ഇദ്ദേഹത്തെ അധികൃതർ പിടികൂടുകയായിരുന്നു. കേസ് നടപടികൾക്കായി ഇദ്ദേഹത്തെ ഉടൻ ഇന്ത്യയിലേക്ക് അയക്കും.