തൊഴില്‍ നിയമലംഘനങ്ങള്‍; വ്യാപക പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

0
581

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച നടത്തിയ വ്യാപക പരിശോധനയില്‍ തൊഴില്‍ നിയമ ലംഘകരായ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചായിരുന്നു സാല്‍മിയിലെ പരിശോധന. ആകെ 127 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്‍തത്. ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ളവരായിരുന്നു (പ്രൈവറ്റ് വിസ) ഇവരില്‍ 93 പേര്‍. ആര്‍ട്ടിക്കിള്‍ 20 വിസയിലുള്ള 19 പേരും. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും തിരിച്ചറിയല്‍ രേഖകളില്ലാത്തവരുമായ 15 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. തൊഴിലുടമകള്‍ രാജ്യത്തെ ലേബര്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.