ജിദ്ദ: വിശ്വാസികളെ സംബന്ധിച്ചിടത്തോളം നൈമിഷികമായ ഇഹലോക ജീവിതം അനശ്വരമായ പരലോക ജീവിത വിജയത്തിന് വേണ്ടിയുള്ള പ്രവർത്തന മണ്ഡലമാണെന്ന് പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ നൗഷാദ് ഉപ്പട പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന വാരാന്ത്യ പഠന ക്ലാസ്സിൽ ‘ദുനിയാവിന്റെ നിസാരത’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഔന്നിത്യത്തിൽ നിന്നുകൊണ്ട് ആകാശങ്ങളെയും ആഴ ക്കടലിലെ നിഗൂഢതകളെയും കീഴടക്കി എന്ന് അവകാശപ്പെടുന്ന മനുഷ്യൻ അവന്റെ സൃഷ്ടാവിന് മുന്നിൽ എത്ര നിസ്സാരനാണെന്ന് മനസ്സിലാക്കുവാൻ ജീവിത സാഹചര്യങ്ങളിൽ നിസ്സഹായരായി നിൽക്കുന്നവരിലേക്ക് കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്നതാണ്. എന്നാൽ അതെല്ലാം തന്റെ സൃഷ്ടാവിന്റെ പരീക്ഷണങ്ങളായിക്കണ്ട് ക്ഷമ കൈകൊള്ളുന്ന വിശ്വസിക്കാണ് ശാശ്വതമായ ജീവിത വിജയമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
നിങ്ങൾ നിങ്ങളുടെ കൈവിരലുകൾ സമുദ്രത്തിൽ മുക്കി ഉയർത്തുമ്പോൾ അതിൽ നിന്നുതിർന്നു വീഴുന്ന വെള്ളത്തുള്ളികളോടാണ് നൈമിഷികമായ ഈ ലോകത്തെ പ്രവാചകൻ ഉപമിച്ചത്. എന്നാൽ പരന്നു കിടക്കുന്ന സമുദ്രത്തോടാണ് നിത്യമായ പരലോക ജീവിതത്തെ അദ്ദേഹം ഉപമിച്ചത്. അറുപതോ എഴുപതോ വർഷങ്ങൾ മാത്രം ലഭിക്കുന്ന മനുഷ്യായുസിന്റെ അമ്പതോളം വർഷങ്ങൾ അവന്റെ ഉറക്കമായും ബാല്യമായും പ്രാഥമിക കാര്യങ്ങളുടെ സമയമായും നഷ്ടപ്പെടുമ്പോൾ ബാക്കി വരുന്ന തുച്ഛമായ തന്റെ സമയം എണ്ണിയാലോടുങ്ങാത്ത അനുഗ്രഹങ്ങൾ കൊണ്ട് മൂടിയ തന്റെ സൃഷ്ടാവിനെ കണ്ടു മുട്ടുവാൻ കൊതിക്കുകയും തന്റെ നാഥനിലേക്ക് ഒരു നാൾ മടങ്ങുമെന്ന വിശ്വാസിക്കുകയും അതിന് വേണ്ടി ജീവിതത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നവർക്കാണ് വിജയമുണ്ടാവുകയെന്നു പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി എടക്കര സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.