റിയാദ്: സഊദി അറേബ്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ആദ്യത്തെ ഓട്ടോമോട്ടീവ് ബ്രാൻഡായി സീർ. സീർ എന്ന കമ്പനി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ഉന്നമിട്ട് മികച്ച മേഖലകള്‍ ആരംഭിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അനുസൃതമായാണ് സീർ കമ്പനി സ്ഥാപിച്ചിരിക്കുന്നത്.
ഇതിലൂടെ സൗദിയില്‍ ദേശീയ വ്യവസായിക വികസനത്തെ പിന്തുണക്കുന്ന ഒന്നിലധികം തന്ത്രപ്രധാന മേഖലകളുടെ ശാക്തീകരണത്തെ പിന്തുണക്കാനും ലക്ഷ്യമിടുന്നതായി കിരീടാവകാശി പറഞ്ഞു.
ഓരോ വാഹനവും സൗദി അറേബ്യയിൽ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ഏറ്റവും ഉയർന്ന ആഗോള ഓട്ടോമോട്ടീവ് ഗുണനിലവാര നിയന്ത്രണവും സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷിക്കുകയും ചെയ്യും.
സീർ കമ്പനി 56.2 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2034 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 3,000 കോടി റിയാല്‍ കമ്പനി സംഭാവന ചെയ്യുകയും പ്രത്യക്ഷമായും പരോക്ഷമായും 30,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യ മേഖലക്ക് നിരവധി പുതിയ അവസരങ്ങള്‍ ലഭ്യമാക്കാനും കമ്പനി സഹായിക്കും. വരുന്ന ഒരു ദശകത്തിനുള്ളില്‍ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. വിഷന്‍ 2030 പദ്ധതിക്കനുസൃതമായി സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് തന്ത്രം ലക്ഷ്യമിടുന്നതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ഇലക്ട്രിക് കാറുകള്‍ 2025 ല്‍ വില്‍പനക്ക് ലഭ്യമാകും.
സൗദിയില്‍ ഇലക്ട്രിക് കാറുകളുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ കാര്‍ കമ്പനി സ്ഥാപിക്കാന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായുള്ള ഫോക്‌സ്‌കോണ്‍ കമ്പനി പങ്കാളിത്തം ഏറെ പ്രധാനമാണെന്നും ഇതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഫോക്‌സ്‌കോണ്‍ കമ്പനി ചെയര്‍മാന്‍ യോംഗ് ലിയോ പറഞ്ഞു.