നെയ്യാറ്റിന്‍കര: ട്രെയിലര്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന വിമാനത്തിന്റെ ചിറക് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്. ബാലരാമപുരം ജങ്ഷന് സമീപം ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലര്‍. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായിരുന്നു ഈ ലോറിയില്‍ ഉണ്ടായിരുന്നത്. മൂന്ന് വര്‍ഷം മുന്‍പ് സര്‍വീസ് നിര്‍ത്തിയ എയര്‍ബസ് എ 320 എന്ന വിമാനത്തിന്റെ ഭാഗമായിരുന്നു ഹൈരാബാദിലേക്ക് കൊണ്ടുപോയത്. 30 ലേറെ വര്‍ഷം സര്‍വീസ് നടത്തിയ വിമാനമാണ് എയര്‍ബസ് എ 320. തിരുവനന്തപുരം മുംബൈദല്‍ഹി റൂട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും ഈ വിമാനം സര്‍വീസ് നടത്തിയിരുന്നു.
ഡല്‍ഹിയില്‍ നിന്നും 186ലധികം യാത്രക്കാരുമായി തിരുവനന്തപുരത്തേക്കായിരുന്നു അവസാന പറക്കല്‍. ഇതിന് ശേഷം ചാക്കയിലെ എന്‍ജിനിയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പഠനത്തിനായിയി ഉപയോഗിച്ചിരുന്നു. പിന്നീട് വിമാനം ഉപയോഗിക്കാനാവില്ലെന്ന് വ്യക്തമായതോടെ വില്‍ക്കുകയായിരുന്നു. ലേലത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്കാണ് വിമാനം സ്വന്തമാക്കിയത്.
റെസ്റ്റോറന്റായി പുനര്‍നിര്‍മ്മിക്കാനാണ് ഹൈദരാബാദിലേക്ക് വിമാനം കൊണ്ടുപോകുന്നത് ഇതിനിടെ ആണ് അപകടം. വിമാനം പൂര്‍ണമായും പൊളിക്കാനായി നാല് ഭാഗങ്ങളാക്കി ട്രെയിലറുകളില്‍ കൊണ്ടുപോവുകയായിരുന്നു. ഫ്രാന്‍സില്‍ നിര്‍മിച്ച വിമാനമാണിത്.