11 വര്‍ഷമായി അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പരിശോധനയില്‍ പിടികൂടി

0
1795

കുവൈത്ത് സിറ്റി: കുവൈത്തില്‍ 11 വര്‍ഷമായി അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പരിശോധനയില്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.

അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. നേരത്തെ ജോലി ചെയ്‍തിരുന്ന സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഇവര്‍ അന്ന് ഒളിച്ചോടുകയായിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ക്കെതിരെ കേസും നിലവിലുണ്ടായിരുന്നു. അബൂഹാലിഫയില്‍ നടത്തിയ പരിശോധനയില്‍ 16 പ്രവാസി വനിതകളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു.

ഇവിടെ മസാജ് സേവനം നല്‍കിയിരുന്ന ഒരു ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധികൃതര്‍ റെയ്‍ഡ് നടത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. രാജ്യത്തെ തൊഴില്‍ നിയമലംഘനങ്ങള്‍ ഇല്ലാതാക്കാനും പൊതുമര്യാദകള്‍ ലംഘിക്കപ്പെടുന്നത് തടയാനും സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണ് ഈ പരിശോധനകളെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പിടിയിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.