റിയാദ്: പനി ബാധിച്ച് അവശനിലയിൽ റിയാദിൽ കഴിയുന്നതിനിടെ സാമൂഹികപ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ മണപ്പള്ളി തെക്ക് സ്വദേശി ജയപ്രകാശ് (60) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് ഗവർണർ ഓഫീസിലെ മെയിൻറനൻസ് ഡിവിഷനിൽ പമ്പ് ഓപറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. നെസ്മ കരാർ കമ്പനിയുടെ കീഴിൽ കഴിഞ്ഞ 23 വർഷമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ഗവർണർ ഓഫീസിലെ മെയിൻറനൻസ് ഡിവിഷനിൽ ജോലി ചെയ്യുകയായിരുന്നു. 15 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് റിയാദിലെ വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും അസുഖം എന്താണെന്ന് വ്യക്തമായിരുന്നില്ല.
ദിവസങ്ങൾ പിന്നിടുന്നതോടെ തീർത്തും അവശനായപ്പോൾ സഹപ്രവർത്തകർ ആംബുലൻസിൽ റിയാദ് ശുമൈസി ആശുപത്രിയിൽ എത്തിച്ച ശേഷ കിടത്തി ചികിത്സ നൽകിയതോടെ ഒരുവിധം ഭേദമായപ്പോൾ താമസസ്ഥലത്തേക്ക് തിരിച്ചെത്തിച്ചുവെങ്കിലും പിന്നീടും ആരോഗ്യസ്ഥിതി വഷളാവുകയും നടക്കാനോ ഇരിക്കാനോ കഴിയാതെ അവശനിലയിലാവുകയും ചെയ്തു.

നാട്ടിൽനിന്ന് ജയപ്രകാശിന്റെ മകൾ ജ്യോതിയും നാട്ടുകാരും സാമൂഹികപ്രവർത്തകരുമായ ഇസ്മാഈൽ വാലേത്ത്, മുരളി മണപ്പള്ളി എന്നിവരും വിഷയം സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് പരിശ്രമങ്ങൾക്കൊടുവിൽ ഒക്ടോബർ 21-ന് സഊദി എയർലൈൻസ് വിമാനത്തിൽ വീൽച്ചെയർ പേഷ്യൻറായി നാട്ടിലേക്ക് കൊണ്ടുപോയി. കൂടെ പോകാൻ ആരുമില്ലാത്തതിനാൽ ശിഹാബ് കൊട്ടുകാട് തന്നെ കൂടെ കൂടുകയും ചെയ്തു.
വിമാനത്തിനുള്ളിൽ വെച്ച് അസുഖം മൂർച്ഛിക്കുകയും ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. വിമാന ജീവനക്കാർ ഉടൻ ഓക്സിജൻ ഉൾപ്പെടെയുള്ള അടിയന്തിര ശുശ്രൂഷ നൽകി. നിലത്ത് പ്രത്യേക കിടക്ക ഒരുക്കി കിടത്തി പരിചരണം നൽകുകയും ചെയ്തു. സമാനതകളില്ലാത്ത പരിചരണവും ശ്രദ്ധയുമാണ് വിമാന ജീവനക്കാരിൽനിന്നുണ്ടായതെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. യാത്രക്കാരും സഹായവുമായി എത്തിയിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ നാട്ടുകാരനായ അമിതാഭ് പിള്ള ആംബുലൻസുമായെത്തി കൊച്ചി അമൃത ആശുപത്രിയിലും പിന്നീട് ആസ്റ്റർ ആശുപത്രിയിലും എത്തിച്ചു പരിശോധനകൾ നടത്തിയെങ്കിലും കൃത്യമായ രോഗം എന്താണെന്ന് കണ്ടെത്താനായില്ല. രക്തത്തിൽ അണുബാധയുണ്ടായതാണ് രോഗകാരണമെന്നാണ് നിഗമനത്തിലെത്തിയത്. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെ അന്ത്യം സംഭവിക്കുന്നത്.
ജയകുമാരിയാണ് മരിച്ച ജയപ്രകാശിന്റെ ഭാര്യ. മക്കളായ ജ്യോതിയും ചിത്തിരയും വിവാഹിതരാണ്.
സഹപ്രവർത്തകരായ യു.പി സ്വദേശി അലിയും തമിഴ്നാട് സ്വദേശി ശിവയുമാണ് റിയാദിൽ ജയപ്രകാശിനെ ആശുപത്രിയിൽ കൊണ്ടുപോകാനും പരിചരിക്കാനും ഒപ്പമുണ്ടായിരുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




