സഊദി ഗെയിംസ് 2022 ന്റെ ആദ്യ പതിപ്പിന് റിയാദിൽ ഉജ്ജ്വല തുടക്കം; അത്‌ലറ്റുകൾക്ക് നൽകുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനങ്ങൾ

0
861

റിയാദ്: സഊദി ഗെയിംസ് 2022 ന്റെ ആദ്യ പതിപ്പിന് റിയാദിൽ തുടക്കമായി. തലസ്ഥാനമായ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 6,000-ത്തിലധികം കായികതാരങ്ങളും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കുന്ന രാജ്യത്തെ
ഏറ്റവും വലിയ ദേശീയ മാമാങ്കമാണ് അരങ്ങേറുന്നത്.

വേദിയിൽ എത്തിയ ഫൈസൽ രാജകുമാരനെ കായിക മന്ത്രിയും സഊദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ സ്വീകരിച്ചു. സൽമാൻ രാജാവിനും കിരീടാവകാശിക്കും വേണ്ടി റിയാദ് റീജിയൻ ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. 2022ലെ സഊദി ഗെയിംസിന്റെ സുപ്രീം സംഘാടക സമിതിയുടെ ചെയർമാൻ കൂടിയാണ് അബ്ദുൽ അസീസ് രാജകുമാരൻ. ഉദ്ഘാടന ചടങ്ങ് രാജകീയ ഗാനത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് അത്ലറ്റുകളുടെ ഗംഭീര മാർച്ച് നടന്നു. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന് മുകളിൽ പ്രകമ്പനം കൊള്ളിച്ചു നടന്ന
കരിമരുന്ന് പ്രയോഗം ഏറെ ശ്രദ്ധേയമായിരുന്നു.

6,000-ത്തിലധികം പുരുഷ-വനിതാ കായിക താരങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകുന്നതിന് കിരീടാവകാശി ആസൂത്രണം ചെയ്ത ആദ്യത്തെ സഊദി ഗെയിംസിന്റെ സമാരംഭത്തോടെ ഞങ്ങൾ അഭിമാനിക്കുന്നുവെന്നു അബ്ദുൽ അസീസ് രാജകുമാരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

റിയാദിലെ 22 കായിക കേന്ദ്രങ്ങളിലായാണ് സഊദി ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്, 6,000-ലധികം സ്ത്രീ-പുരുഷ കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. പാരാലിമ്പിക് ഗെയിംസിന്റെ 5 കായിക ഇനങ്ങൾ ഉൾപ്പെടെ 45 കായിക ഇനങ്ങളിൽ മത്സരം നടക്കുന്നുണ്ട്.

പങ്കെടുക്കുന്ന അത്‌ലറ്റുകൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനങ്ങൾ ആണ് നൽകുന്നത്. സ്വർണ്ണ മെഡൽ ജേതാവിന് ഒരു ദശലക്ഷം റിയാൽ ലഭിക്കും. വെള്ളി മെഡൽ ജേതാവിന് 300,000 റിയാൽ, വെങ്കലം മെഡൽ ജേതാവിന്100,000 റിയാലും ലഭിക്കും.