വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കും

0
1429

ദുബായ്: യുഎഇയിലെ ഫുജൈറയിൽ കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരിച്ച പയ്യന്നൂർ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകർ നടത്തി വരികയാണ്.

മലീഹ റോഡില്‍ വ്യാഴം ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാരത്ത് (45) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 25 വർഷമായി പ്രവാസികളായ ഇരുവരും ഒന്നിച്ചു ബിസിനസ് നടത്തുന്ന ആത്മാർഥ സുഹൃത്തുക്കൾ ആയിരുന്നു. 

ഉച്ചയ്ക്ക് ഇവർ ഫുജൈറയിൽ നിന്ന് ദുബായിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ 16 വർഷമായി ഫുജൈറയിൽ താമസിക്കുന്ന ഇരുവരും കോസ്‌മെറ്റിക്, ഫാൻസി ജ്വല്ലറി നടത്തുകയും ഒമാനിലും യുഎഇയിലും ബിസിനസ് നടത്തുകയുമായിരുന്നു.

രാമന്തളിയിലെ മഹമൂദിന്റേയും എം.എൻ.പി.ആമിനയുടേയും മകനാണ് ജലീൽ. ഭാര്യ: യാസ്മിന (പെരുമ്പ). മക്കൾ: ജമാന, ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, തജീമ, നസീറ. 

പരേതനായ സൂപ്പിയുടേയും നങ്ങാരത്ത്് കുഞ്ഞായിസുവിന്റേയും മകനാണ് സുബൈർ. ഭാര്യ: നസീബ (പടന്ന എടച്ചാക്കൈ). മക്കൾ: സിയാദ്, സാൻഹ, ഹഷിർ. സഹോദരങ്ങൾ: സീനത്ത്, ബഷീർ (ഒമാൻ), ഷറഫ് അലി (മലേഷ്യ).