ജിദ്ദ: മക്കയ്ക്കും മദീനയ്ക്കും ഇടയിൽ ജിദ്ദ, റാബിഗ് വഴിയുള്ള സർവീസ് പുനരാരംഭിച്ചതായി ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ അധികൃതർ അറിയിച്ചു. പതിവ് സർവീസുകളെ ബാധിച്ച സാങ്കേതിക തകരാർ പരിഹരിച്ചതിന് ശേഷമാണ് വ്യാഴാഴ്ച സർവ്വീസ് പുനഃരാരംഭിച്ചത്.
വാർത്താവിനിമയ സംവിധാനത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും ട്രെയിനുകൾ സാധാരണ സർവീസ് പുനരാരംഭിച്ചതായും ഹറമൈൻ ട്രെയിൻ നടത്തുന്ന സഊദി-സ്പാനിഷ് ട്രെയിൻ പ്രോജക്ട് കമ്പനി അറിയിച്ചു.
യാത്ര തടസം നേരിട്ട എല്ലാ യാത്രക്കാരോടും കമ്പനി ക്ഷമാപണം നടത്തുകയും ഇക്കാര്യത്തിൽ നടപടിക്രമങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ച ജിദ്ദയ്ക്കും മദീനയ്ക്കുമിടയിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന നിരവധി യാത്രകൾ കമ്പനി റദ്ദാക്കിയിരുന്നു. കൊറോണ വൈറസ് പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 മാർച്ചിൽ സർവീസ് നിർത്തിവച്ചതിനെ തുടർന്ന് 2021 മാർച്ചിലാണ് ട്രൈയിൻ സർവീസ് പുനരാരംഭിച്ചത്.




