ലഹരി വ്യാപനത്തെ ഒറ്റക്കെട്ടായി ചെറുക്കുക: ഇസ്‌ലാഹി സെന്റർ ജിദ്ദ ജാഗ്രത സദസ്സ്

ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി ‘കൈ കോർക്കാം ലഹരിയ്‌ക്കെതിരെ’ എന്ന ശീർഷകത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു . ഷറഫിയയിലെ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ മത സംഘടന പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.

നമ്മുടെ നാടിനെ ബാധിച്ച ഒരു പൊതു തിന്മയായി ലഹരിയെന്ന വിപത്തിനെ കാണുകയും പൊതുജന പ്രാതിനിധ്യമുള്ള പ്രവർത്തനങ്ങളും ജാഗ്രതാ സമിതികളും രൂപീകരിച്ച് മഹല്ല് കമ്മിറ്റികളും സംഘടനകളും മറ്റു കൂട്ടായ്മകളും ഈ തിന്മയുടെ അടിവേര് അറുത്ത് മാറ്റാൻ ധർമ സമരത്തിനിറങ്ങണമെന്നും പരിപാടിയിൽ പങ്കെടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു.

ബുദ്ധിയെ മറയ്ക്കുന്ന എല്ലാ പദാർത്ഥങ്ങളും ഒരു പോലെ ലഹരിയായിക്കണ്ട് ലഹരിക്കെതിരെ ബോധവൽക്കരണം നടത്താതെ ലഹരിയെന്ന സാമൂഹ്യ വിപത്തിനെ ചെറുക്കാൻ സാധ്യമല്ല. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കേവലം തൊലിപ്പുറത്തുള്ള ചികിത്സയാകാതിരിക്കണം. മദ്യമടക്കം എല്ലാ ലഹരി ഉപയോഗവും സാമൂഹിക തിന്മയാണ്. മദ്യ ശാലകൾക്ക് അനിയന്ത്രിതമായി ലൈസൻസ് അനുവദിക്കുകയും മറു ഭാഗത്ത് ലഹരിക്കെതിരെ കാംപയിൻ സംഘടിപ്പിക്കുയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മനുഷ്യന്റെ ശുദ്ധവും സഹജവുമായ പ്രകൃതിയെ തകർക്കുന്ന മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും പൂർണ്ണമായും നിരോധിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.

നമ്മുടെ സമൂഹത്തിൽ വ്യാപകമായ ലഹരി മാഫിയയുടെ അടിവേര് കണ്ടെത്താനും നശിപ്പിക്കുവാനും ശ്രമിക്കണം. നവ ലിബറൽ ആശയങ്ങളുടെ ദു:സ്വാധീനം മൂലം സമൂഹത്തിൽ സ്വതന്ത്രവാദം വേരൂന്നിയപ്പോൾ തിന്മകൾ തിരിച്ചറിയാത്ത ഒരു തലമുറ ഇവിടെ വളർന്നു വന്നു. അവരെ ദുരുപയോഗം ചെയ്ത് ആദർശപരമായി ഒരു സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ നാം ഒറ്റപ്പെടുത്തണം. എങ്കിൽ മാത്രമേ ലഹരിയടക്കം കുടുംബ സംവിധാനത്തെയും സാമൂഹിക ഭദ്രതയേയും തകർക്കുന്ന എല്ലാ അധാർമികതകളെയും പ്രായോഗികമായി ചെറുക്കാൻ സാധിക്കൂ എന്നും യോഗം അഭിപ്രായപ്പെട്ടു.

ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുന്ന യുവ – വിദ്യാർത്ഥി സമൂഹത്തെ ആദർശ അവബോധം നൽകി ധർമപാതയിൽ അണിനിരത്താൻ ആദർശ സമൂഹമെന്ന നിലയിൽ നമുക്കുള്ള ബാധ്യത നാം വിസ്മരിക്കരുത്. മൂല്യങ്ങൾക്ക് വില കൽപിക്കാത്ത നവ ലിബറൽ ആശയങ്ങളും ദൈവ നിഷേധ – മത നിരാസ ആശയങ്ങളുടെ ദു:സ്സ്വാധീനവും നമ്മുടെ യുവ – വിദ്യാർത്ഥി സമൂഹത്തെ ലഹരി വസ്തുക്കളുടെ മായാ ലോകത്തേക്ക് തള്ളി വിടുന്നു. നമ്മുടെ മക്കൾ ലഹരി ഉപയോഗം പോലുള്ള തിന്മകളിൽ അകപ്പെടില്ല എന്ന് ആശ്വസിക്കാൻ ഒരു രക്ഷിതാവിനും സാധിക്കാത്ത സാഹചര്യമായതിനാൽ രക്ഷിതാക്കൾ മക്കൾക്ക് ദൈവ വിശ്വാസത്തിലും പരലോക ബോധത്തിലുമധിഷ്ഠിതമായ ധാർമിക വിദ്യാഭ്യാസം നൽകുകയും അവരെ ഏറ്റവും അടുത്ത സുഹൃത്തുക്കളാക്കി തെറ്റും ശരിയും മനസിലാക്കാനും തിരിച്ചറിയാനുമുള്ള പക്വത കൈവരിക്കാൻ അവരോടൊപ്പം നിൽക്കുകയും വേണം. എങ്കിൽ മാത്രമേ ലഹരിയെന്ന അധാർമികതയെ ചെറുക്കാൻ സാധിക്കുകയുള്ളൂ എന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ പ്രബോധകൻ ശമീർ സ്വലാഹി പരിപാടി നിയന്ത്രിച്ചു. അബീർ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു . ഇഖ്ബാൽ ത്രിക്കരിപ്പൂർ (വിസ്‌ഡം ജിദ്ദ ), അബ്ദുന്നാസർ ചാവക്കാട് (ഐ ഡി സി), സൽമാൻ ദാരിമി ( സമസ്ത ഇസ്‌ലാമിക് സെന്റർ, ജിദ്ദ ), അനീസ് കെ. എം (കെ ഐ ജി), തമീം അബ്ദുല്ല (യൂത്ത് ഇന്ത്യ), അബ്ദുൽ ഗഫൂർ വളപ്പൻ എന്നിവർ സംസാരിച്ചു.