സഊദിയിൽ ഭക്ഷ്യ വ്യവസായ മേഖലയിലും സ്വദേശി വൽക്കരണം

0
2684

റിയാദ്: 2030-ഓടെ സഊദിയിലെ ഭക്ഷ്യ വ്യവസായത്തിന്റെ 85 ശതമാനവും പ്രാദേശികവൽക്കരിക്കും.

ഭക്ഷ്യ ഇറക്കുമതിക്ക് സൗദി അറേബ്യക്ക് പ്രതിവർഷം 70 ബില്യൺ റിയാൽ ചിലവ് വരുമെന്ന് സഊദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം സംരംഭകത്വ വിഭാഗം സൂപ്പർവൈസർ ജനറൽ ഡോ. അലി അൽ-സബാൻ പറഞ്ഞു.

വ്യവസായ സംരംഭകർക്കും നിക്ഷേപകർക്കും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്കും ഭക്ഷ്യമേഖല നിരവധി അവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.

ഗൾഫ് എന്റർപ്രണേഴ്‌സ് ഫോറത്തിന്റെ ഭാഗമായി നടന്ന “ഗൾഫ് സഹകരണ കൗൺസിൽ സംസ്ഥാനങ്ങളുടെ ഭക്ഷ്യ പരിസ്ഥിതി സുരക്ഷയെക്കുറിച്ചുള്ള സംരംഭകത്വത്തിന്റെയും ഇന്നൊവേഷന്റെയും സ്വാധീനം” എന്ന സെമിനാറിൽ പങ്കെടുക്കവെയാണ് അൽ സബാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

2025 ഓടെ ഈന്തപ്പഴ കയറ്റുമതിയുടെ അളവ് 2.5 ബില്യൺ റിയാലായി ഉയർത്തുന്നതിനൊപ്പം മത്സ്യ ഉൽപ്പാദനം 500 ശതമാനം വർധിപ്പിക്കാനും കയറ്റുമതി 3 ബില്യൺ റിയാലായി ഉയർത്താനുമാണ് സൗദി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം സജീവമാക്കുന്നതിനും മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന വിവിധ പരിപാടികൾ പ്രയോജനപ്പെടുത്താൻ സംരംഭകരോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.