നിങ്ങളുടെ വളർത്തു പൂച്ചയെയും പട്ടിയെയും വിമാനത്തിൽ കൊണ്ടുപോകാം, പക്ഷെ ഈ ടിക്കറ്റ് നിരക്ക് നൽകണം; മറ്റു നിബന്ധനകൾ അറിയാം

0
1754

അബുദാബി: വളർത്തു മൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള നിരക്കു കൂട്ടി ഇത്തിഹാദ് എയർവേയ്സ്. 200 ൽനിന്ന് 1500 ഡോളറാക്കിയാണ് (1.24 ലക്ഷം രൂപ) വർധന. ഈ മാസം 15ന് മുൻപ് ബുക്ക് ചെയ്ത് ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല. 2021 നവംബർ മുതലാണ് വളർത്തു മൃഗങ്ങളെ യാത്രക്കാർക്കൊപ്പം കൊണ്ടുപോകാൻ അനുമതി നൽകിയത്.

സീറ്റ് ബുക്ക് ചെയ്യണം

ചെറിയ നായ, പൂച്ച എന്നിവയെ കൊണ്ടുപോകാനാണ് അനുമതി. ഇവയ്ക്ക് മറ്റൊരു ടിക്കറ്റ് കൂടി ബുക്ക് ചെയ്യണം. സീറ്റിനടിയിൽ വയ്ക്കാൻ അനുവദിക്കില്ല.

പാടില്ലാത്ത രാജ്യങ്ങൾ

തിരുവനന്തപുരം, അഹമ്മദാബാദ്, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, ലണ്ടൻ, ഓസ്ട്രേലിയ, ചൈന, മാഞ്ചസ്റ്റർ, യുഎസ് എന്നിവടങ്ങളിലേക്കുള്ള യാത്രയിൽ വളർത്തുമൃഗങ്ങളെ അനുവദിക്കില്ല.

ഇവ വേണ്ട

അപകടകരികളായ പിറ്റ് ബുൾ, മാസ്റ്റിഫ് നായ്ക്കളെയും വിമാനത്തിൽ അനുവദിക്കില്ല

മറ്റു നിബന്ധനകൾ

∙ പുറപ്പെടുന്നതും എത്തുന്നതുമായ രാജ്യത്തെ നിയമങ്ങൾ പാലിക്കണം.

∙ യാത്രയ്ക്കിടയിൽ നൽകേണ്ട മരുന്ന് ഉണ്ടെങ്കിൽ കരുതണം.

∙ ഭക്ഷണം (ഡ്രൈ ഫൂഡ്) അടച്ചുറപ്പുള്ള പാത്രത്തിൽ വേണം.

∙ യാത്രയിലുടനീളം വളർത്തുമൃഗം കൂട്ടിൽ ആയിരിക്കണം.

∙ 16 ആഴ്ചയെങ്കിലും പ്രായമുണ്ടാകണം.

∙ 3 വശങ്ങളിലും വായു സഞ്ചാരമുള്ള, ചോർച്ചയില്ലാത്ത, അടച്ചുറപ്പുള്ള കൂടായിരിക്കണം.

∙ മൃഗത്തിന്റെ പേര്, ഇനം, ജനന തീയതി, മൈക്രോ ചിപ് നമ്പർ, ഹെൽത്ത് സർട്ടിഫിക്കറ്റ്, വാക്സീൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

∙ യാത്രയ്ക്ക് 10 ദിവസത്തിനകം മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫിറ്റ് ടു ട്രാവൽ സർട്ടിഫിക്കറ്റ് വേണം.