ദോഹ: ഖത്തറിലെത്തുന്ന കാൽപ്പന്ത് ആരാധകരെ കാത്ത് വിമാനത്താവളങ്ങളിൽ ആഘോഷ പരിപാടികൾ.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ 2 ഫാൻസോണുകളും പാസഞ്ചർ ഓവർ ഫ്ലോ ഏരിയകളിലുമായി വൈവിധ്യമായ ആഘോഷ പരിപാടികളാണ് നടക്കുക. ലോകകപ്പ് പ്രമേയമാക്കിയുള്ള ആക്ടിവിറ്റികൾ ഡിസംബർ വരെ തുടരും.
ലോകകപ്പിന് വന്നിറങ്ങുന്ന ആരാധകർക്കായി തുടർച്ചയായ കലാ, സാംസ്‌കാരിക പരിപാടികളും പരേഡുകളുമാണ് ഇവിടെ അരങ്ങേറുക. പാസഞ്ചർ ഓവർ ഫ്ലോ ഏരിയയിൽ ഫിഫ ലോകകപ്പിലെ അവിസ്മരണീയ കാഴ്ചകളുടെ അനുഭവമാണ് ആരാധകർക്ക് ലഭിക്കുക.
ഫാൻ സോണുകളിൽ ഇരുന്ന് ലോകകപ്പ് മത്സരങ്ങളും കാണാം. എആർ ഫുട്‌ബോൾ ആക്ടിവിറ്റികളും ഇവിടെയുണ്ടാകും. കുട്ടി ആരാധകർക്കായി പ്രത്യേക സോൺ തന്നെയുണ്ട്. മത്സര ദിവസങ്ങളിൽ 22 പരിപാടികളാണ് അരങ്ങേറുക. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസഞ്ചർ ഓവർഫ്ലോ ഏരിയയിലാണ് ആഘോഷങ്ങൾ.
നവംബർ 9 മുതൽ ഡിസംബർ 31 വരെ ഇവിടെ ആഘോഷങ്ങളുണ്ടാകും. മത്സരം കണ്ടു മടങ്ങുമ്പോൾ വിമാനത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് ഈ ആഘോഷങ്ങൾ
ആസ്വദിക്കാം.
ഭക്ഷണ-പാനീയ ശാലകൾ, റീട്ടെയ്ൽ, ഗെയിം ഏരിയ, ഫുട്‌ബോൾ പിച്ച്, കിഡ്‌സ് ഏരിയ, ഫ്ലൈറ്റ്റ് ഇൻഫർമേഷൻ സ്‌ക്രീൻ, ലോസ്റ്റ്-ആൻഡ് ഫൗണ്ട് ഡെസ്‌ക് ഇങ്ങനെ സൗകര്യങ്ങൾ ഏറെയുണ്ട്.