പത്ത് വർഷത്തിനുള്ളിൽ റിയാദിൽ മുപ്പത് ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ

0
533

റിയാദ്: അടുത്ത പത്ത് വര്ഷത്തിനുളിൽ സഊദി തലസ്ഥാന നഗരിയായ റിയാദിലെ വാഹനങ്ങളിൽ മുപ്പത് ശതമാനവും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കുമെന്ന് റിപ്പോർട്ട്. എണ്ണയെ ആശ്രയിക്കുന്നത് കുറക്കുകയും പ്രകൃതിക്ക് ഇണങ്ങുന്ന നിലയിലേക്ക് മാറുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിനായി ഇലക്ട്രിക് വാഹനങ്ങൾ വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സഊദി അറേബ്യ. വിഷൻ 2030 പദ്ധതികളുടെ ഭാഗമായി എണ്ണയിൽ നിന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമായി ഇലക്ട്രിക് ഭീമൻ കമ്പനികളിൽ സഊദി അറേബ്യ വൻ നിക്ഷേപവും നടത്തിയിട്ടുണ്ട്.

2025 ൽ ഉത്പാദനം ലക്ഷ്യമിടുന്ന സഊദി അറേബ്യാ 2026 ആകുമ്പോഴേക്ക് വർഷത്തിൽ ഒന്നര ലക്ഷം ഇലക്ട്രിക് കാറുകളാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് നിർമ്മിക്കുന്നതോടൊപ്പം വിദേശങ്ങളിലേക്ക് കയറ്റി അയക്കണതും സഊദി അറേബ്യാ ലക്ഷ്യമിക്കുന്നു. 2026 ൽ 150,000 ലധികം ഇലക്ട്രിക് കാറുകൾ നിർമ്മിച്ച് കയറ്റി അയക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല അൽ സ്വാഹ പറഞ്ഞു. 2027 ഓടെ രാജ്യത്ത് പ്രതിവർഷം 150,000 ലധികം ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് യുഎസ് ഇലക്ട്രിക് വാഹന ഭീമനായ ലൂസിഡ് മോട്ടോഴ്‌സ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ക്‌ട്രിക് വെഹിക്കിൾ ഭീമൻ സഊദി അറേബ്യയിൽ ഉടൻ ഒരു ഫാക്ടറി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായി ലൂസിഡ് സിഇഒയും ചീഫ് ടെക്‌നോളജി ഓഫീസറുമായ പീറ്റർ റൗലിൻസൺ നേരത്തെ പറഞ്ഞിരുന്നു. 2025-ൽ കാറുകളുടെ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതി. 2026-ലും 2027-ലും ഉൽപ്പാദനം വർധിപ്പിച്ച് പ്രതിവർഷം 150,000 കാറുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലൂസിഡ് മോട്ടോഴ്‌സ് തങ്ങളുടെ ആദ്യത്തെ വിദേശ ഇലക്ട്രിക് വാഹന ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സഊദി അറേബ്യയിൽ ആരംഭിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ മൂന്ന് അസംബ്ലി കേന്ദ്രങ്ങളിൽ ഒന്നായിരിക്കും സഊദിയിലെ പ്ലാന്റ്. ഇതിൽ 61 ശതമാനവും സഊദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ഉടമസ്ഥതയിലുള്ളതാണ്. റാബിഗിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ ഒരു വ്യാവസായിക ഭൂമിക്കായി ഡെവലപ്പർ എമാർ ഇക്കണോമിക് സിറ്റിയുമായി 30 മില്യൺ ഡോളർ പാട്ടക്കരാർ ലൂസിഡ് മാർച്ചിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ 50,000 മുതൽ 100,000 വരെ ഇലക്ട്രിക് വാഹനങ്ങൾ ലൂസിഡിൽ നിന്ന് ഓർഡർ ചെയ്തതായി സഊദി സർക്കാർ ഏപ്രിലിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷൻ 2030 പദ്ധതികളുടെ ഭാഗമായി എണ്ണയിൽ നിന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ് കമ്പനിയിലെ നിക്ഷേപം. ദശാബ്ദത്തിന്റെ തുടക്കത്തോടെ തലസ്ഥാനമായ റിയാദിലെ 30 ശതമാനം വാഹനങ്ങളെങ്കിലും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുക എന്നതാണ് പദ്ധതിയുടെ ഒരു വലിയ ലക്ഷ്യം.