റിയാദ്: വിഷൻ 2030 പദ്ധതികളുടെ ഭാഗമായി എണ്ണയിൽ നിന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമായി
2026ൽ സഊദി അറേബ്യ 150,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുമെന്ന്
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽ സ്വാഹ പറഞ്ഞു.
2027 ഓടെ സഊദി അറേബ്യയിൽ പ്രതിവർഷം 150,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് യുഎസ് ഇലക്ട്രിക് വാഹന ഭീമനായ ലൂസിഡ് മോട്ടോഴ്‌സ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഊദി അറേബ്യയിൽ ഉടൻ തന്നെ ഒരു ഫാക്ടറി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായി ലൂസിഡിന്റെ സിഇഒയും ചീഫ് ടെക്‌നോളജി ഓഫീസറുമായ പീറ്റർ റൗലിൻസൺ നേരത്തെ പറഞ്ഞിരുന്നു. 2025-ൽ കാറുകളുടെ നിർമ്മാണം ആരംഭിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു, 2026-ലും 2027-ലും ഉൽപ്പാദനം വർധിപ്പിച്ച് പ്രതിവർഷം 150,000 കാറുകളിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ലൂസിഡ് മോട്ടോഴ്‌സ് സൗദി അറേബ്യയിൽ തങ്ങളുടെ ആദ്യത്തെ വിദേശ ഇലക്ട്രിക് വാഹന ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ-ഫാലിഹ് നേരെത്തെ പറഞ്ഞിരുന്നു.
റാബിഗിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഒരു വ്യാവസായിക ഭൂമിക്കായി ഡെവലപ്പർ എമാർ ഇക്കണോമിക് സിറ്റിയുമായി 30 മില്യൺ ഡോളർ പാട്ടക്കരാർ ലൂസിഡ് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ 50,000 മുതൽ 100,000 വരെ ഇലക്ട്രിക് വാഹനങ്ങൾ ലൂസിഡിൽ നിന്ന് ഓർഡർ ചെയ്തതായി സൗദി സർക്കാർ ഏപ്രിലിൽ പ്രഖ്യാപിച്ചു.
ദശാബ്ദത്തിന്റെ തുടക്കത്തോടെ തലസ്ഥാനമായ റിയാദിലെ 30 ശതമാനം വാഹനങ്ങളെങ്കിലും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുക എന്നതാണ് പദ്ധതിയുടെ ഒരു വലിയ ലക്ഷ്യം.