ജിദ്ദ: ആണവ ബാധ്യതകൾ അടിയന്തരമായി നിറവേറ്റണമെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി പൂർണമായി സഹകരിക്കണമെന്നും സൽമാൻ രാജാവ് ഇറാനോട് ആവശ്യപ്പെട്ടു.
ശൂറ കൗൺസിലിന്റെ എട്ടാം സമ്മേളനത്തിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യവെയാണ് രാജാവ് ഇക്കാര്യം പറഞ്ഞത്. സെഷനിലെ വെർച്വൽ പ്രസംഗത്തിൽ സർക്കാരിന്റെ വിദേശ,ആഭ്യന്തര നയങ്ങളുടെ പ്രധാന സവിശേഷതകൾ രാജാവ് വിശദീകരിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സെഷനിൽ പങ്കെടുത്തു. പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല അൽ ഷെയ്ഖിന്റെ അധ്യക്ഷതയിലാണ് കൗൺസിൽ സമ്മേളനം നടന്നത്.
റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്തുണച്ച് സൗദി അറേബ്യയുടെ നിലപാട് രാജാവ് ആവർത്തിച്ചു.
എണ്ണ വിപണിയെ പിന്തുണയ്ക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും സന്തുലിതമാക്കുന്നതിനും രാജ്യം കഠിനമായി പരിശ്രമിക്കുകയാണെന്ന് രാജാവ് പറഞ്ഞു.
രാജ്യം സമഗ്രവും സുസ്ഥിരവുമായ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും ഇപ്പോൾ വിഷൻ 2030 ന്റെ രണ്ടാം ഘട്ടത്തിലാണെന്നും സൽമാൻ രാജാവ് പറഞ്ഞു. ഈ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബിസിനസ്സ് അന്തരീക്ഷം കൂടുതൽ സുഗമമാക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും സ്വകാര്യ മേഖലയുടെ ഇടപെടൽ വർദ്ധിപ്പിക്കുകയും ചെയ്യും.
അറബ്, ഇസ്‌ലാമിക ലോകത്തെ മുൻനിര രാഷ്ട്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്തിക്കാട്ടി സൗദി അറേബ്യ അതിന്റെ സ്ഥാപിതമായ കാലം മുതൽ തന്നെ രണ്ട് വിശുദ്ധ പള്ളികളുടെയും ഇസ്‌ലാമിന്റെയും മുസ്‌ലിംങ്ങളുടെയും സേവനത്തിൽ അതിന്റെ കടമകൾ നിർവഹിച്ചുവരുന്നതായി രാജാവ് പറഞ്ഞു.
ലോകസമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിലും അധിഷ്ഠിതമായ രാജ്യത്തിന്റെ വിദേശനയം ഊന്നിപ്പറഞ്ഞ രാജാവ് ലോകത്തിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾ സജീവമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിവരിച്ചു.
യെമനിൽ യുഎൻ മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ ഉടമ്പടി രാഷ്ട്രീയ പരിഹാരത്തിനും പ്രതിസന്ധിക്കും അറുതി വരുത്തുമെന്നും രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.
അയൽരാജ്യങ്ങളുമായും രാജ്യാന്തര സമൂഹവുമായും ആത്മവിശ്വാസം വളർത്താൻ ഇറാനോട് ഗൗരവമായ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീൻ പ്രശ്നത്തിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്തുക എന്നത് ഗൾഫ് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ അന്നും ഇന്നും സമാധാനത്തിന്റെ മധ്യസ്ഥനും ലോകമെമ്പാടുമുള്ള മാനവികതയുടെ വിളക്കുമാടവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.