സഊദിയിൽ ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഓഫീസുകളുടെയും ലൈസൻസ് പിൻവലിക്കാൻ ഉത്തരവ്

0
2280

ജിദ്ദ: ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഓഫീസുകളുടെയും ലൈസൻസ് പിൻവലിക്കാൻ മാനവ വിഭവശേഷി,സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്‌ഡി) ഉത്തരവിറക്കി.

റിക്രൂട്ട്‌മെന്റ് മേഖലയുടെ ഘടനാപരമായ ചട്ടക്കൂടിനുള്ളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 400-ലധികം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ മന്ത്രാലയം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് സാദ് അൽ ഹമ്മദ് പറഞ്ഞു.

കൂടാതെ മറ്റ് എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതികളിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ അവരുടെ ലൈസൻസുകളും മന്ത്രാലയം സസ്പെൻഡ് ചെയ്തു.

2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ തൊഴിൽ നിയമ ചട്ടങ്ങളുടെ ലംഘനത്തിന് സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ലൈസൻസുകൾ റദ്ദാക്കുകയോ റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയോ ചെയ്യുമ്പോൾ മന്ത്രാലയത്തിന്റെ ശ്രദ്ധ ലംഘനങ്ങൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിലല്ല മറിച്ച് ബന്ധപ്പെട്ട എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ലംഘനങ്ങൾ മന്ത്രാലയം വെച്ചുപൊറുപ്പിക്കില്ലെന്നും ലൈസൻസ് അസാധുവാക്കാനും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സ്ഥിരമായി നിർത്തിവയ്ക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.