ഹജ്ജിനുള്ള പ്രായ പരിധി സഊദി അറേബ്യ പിൻവലിച്ചു

0
2956

റിയാദ്: ഹജ്ജിനുള്ള പ്രായപരിധി കൊവിഡ് പശ്ചാത്തലത്തില്‍ 65ല്‍ താഴെയാക്കിയ തീരുമാനം സഊദി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് കേരളത്തില്‍ നിന്നടക്കമുള്ള കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ സഹായകമാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്.

പ്രായപരിധി പിന്‍വലിക്കുന്നത് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സഊദിഹജ്ജ് മന്ത്രാലയം അറിയിച്ചു.

പ്രായപരിധി കുറച്ചതോടെ നിരവധി പേർക്ക് ഹജ്ജിനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. നേരത്തേ 70 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് വരാമായിരുന്നു.

കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചു. 20 ലക്ഷത്തോളം പേർക്ക് ഓരോ വർഷവും ഹജ്ജിന് അവസരം ലഭിച്ചിരുന്നത് കൊവിഡ് അകലം പാലിക്കേണ്ടത് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം പത്ത് ലക്ഷമാക്കി സഊദി ഭരണകൂടം കുറച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തിൽ നിന്ന് കുറഞ്ഞതോടെ ആനുപാതികമായി കേരളത്തിലും കുറഞ്ഞു.

12,000 ത്തോളം പേർ വന്നിരുന്നത് 5,000 ആയി ചുരുങ്ങി. പ്രായപരിധി പിൻവലിച്ചതിനൊപ്പം പഴയ ക്വാട്ട പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. 2023 ജൂൺ അവസാനമാണ് അടുത്ത ഹജ്ജ്. മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും നടക്കുന്നത്. കൂടുതൽ തീർത്ഥാടകരെ വരവേൽക്കാനാണിത്.