തൃശൂർ: സഊദിയിൽ മരിച്ചയാളെ നാട്ടിലെത്തിച്ച് സംസ്കരിച്ച് കഴിഞ്ഞപ്പോൾ മൃതദേഹം മാറി. മലയാളിയുടെ മൃതദേഹത്തിന് പകരം സംസ്കരിച്ചത് യു.പി വാരാണസി സ്വദേശിയുടെ മൃതദേഹമാണെന്നാണ് റിപ്പോർട്ട്. രണ്ട് മൃതദേഹങ്ങളും വിമാനമാർഗ്ഗം വഴി എത്തിയപ്പോൾ മാറിപ്പോയതാണെന്നാണ് അറിയുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യു പി സ്വദേശിയുടെ മൃതദേഹം തുറന്ന് കുളിപ്പിക്കാൻ എടുത്തപ്പോഴാണ് മൃതദേഹം മാറിപ്പോയ കാര്യം ശ്രദ്ധയിൽ പെട്ടത്. ഇതിനിടെ തന്നെ മലയാളിയുടെതെന്ന നിലയിൽ കായംകുളത്ത് എത്തിയ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു.
സഊദിയിൽ മരിച്ച വള്ളികുന്നം കാരാഴ്മ കണിയാൻവയലിൽ ഷാജി രാജന്‍റെ (50) കുടുംബമാണ് അധികൃതരുടെ വീഴ്ചയിൽ പൊല്ലാപ്പിലായത്. സംഭവം പുറത്തായതിനെ തുടർന്ന് യു പി യിൽ നിന്ന് യഥാർത്ഥ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ട്. ജൂലൈ 18 നാണ് ഷാജിയെ സഊദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാജി രാജന്‍റെയും വാരാണാസി സ്വദേശി ജാവേദിന്‍റെയും മൃതദേഹം നാട്ടിലേക്ക് അയക്കാൻ ഒരേ ദിവസമാണ് സഊദിയിലെ വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ വെച്ച് മൃതദേഹങ്ങൾ വിമാനം മാറി അയച്ചതാണ് പ്രശ്നമായത്. സഊദി അൽഹസ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഷാജിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കയറ്റിവിട്ടത്.
സെപ്റ്റംബർ 30 ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമെന്ന അറിയിപ്പും ലഭിച്ചു. മൃതദേഹത്തിനൊപ്പം ഷാജിയുടെ പാസ്പോർട്ടും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ രേഖകളും വിമാനത്താവള അതോറിറ്റി ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
ഉച്ചക്ക് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. അഴുകിയ കാരണത്താൽ മൃതദേഹം അധിക സമയം തുറന്നുവെക്കരുതെന്ന നിർദേശമുണ്ടായിരുന്നു. ഇക്കാരണത്താൽ കൂടുതൽ പരിശോധനക്ക് വീട്ടുകാർ മുതിർന്നില്ല. എന്നാൽ, വാരാണസിയിൽ മൃതദേഹം കുളിപ്പിക്കാൻ എടുത്തതാണ് മൃതദേഹം മാറിയതായി വ്യക്തമാക്കിയത്.
കുളിപ്പിക്കാൻ എടുത്ത സമയത്ത് അവർക്ക് കിട്ടിയ മൃതദേഹം ജാവേദിന്‍റെതല്ലെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം പുറത്തായതോടെ അധികൃതരുമായി ബന്ധപ്പെട്ട് ഷാജിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ കൈകൊണ്ടിട്ടുണ്ട്.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിൽ വാരാണസിയിൽ നിന്ന് ഷാജിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ജവേദിന്‍റെ മൃതദേഹം കായംകുളത്ത് വെച്ച് ഷാജിയുടെതാണെന്ന് കരുതി ദഹിപ്പിച്ചതിനാൽ തിരിച്ചയക്കൽ അസാധ്യമായി.
ഷാജിയുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് സംസ്കരിക്കും. രാഗിണിയാണ് ഭാര്യ. മക്കൾ:അനഘ, അപർണ, അനുഷ.




