ദുബൈ: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 80 വയസ്സായിരുന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപിന്റെ സ്ഥാപകനായിരുന്ന രാമചന്ദ്രൻ സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ, വിതരണക്കാരൻ, ഫിലിം മാഗസിൻ എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സ്ഥാപനത്തിലെ സാംബത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യു എ ഇയിൽ ജയിലിലായിരുന്ന അദ്ദേഹം മോചിതനായെങ്കിലും കേസിനോടനുബന്ധിച്ച് യു എ ഇ വിട്ട് പോകാൻ സാധിക്കുമായിരുന്നില്ല. വർഷങ്ങളായി കുടുംബവുമൊന്നിച്ച് യു എ ഇയിൽ തന്നെയാണ് താമസം. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്.
“ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന തന്റെ ശബ്ദത്തിൽ തന്നെയുള്ള പരസ്യ വാചകം അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യങ്ങളിൽ നൽകിയിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിൽ നേടിയതെല്ലാം നഷ്ടപ്പെട്ട രാമചന്ദ്രൻ വീണ്ടും ശക്തമായി തിരിച്ച് വരാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് വിയോഗം.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.