യാത്രക്കാരെ അസഭ്യംപറ‍ഞ്ഞ് കെഎസ്ആർടിസി ബസ്സിൽ നിന്നിറക്കിവിട്ട് വനിതാ കണ്ടക്ടർ, വീഡിയോ

0
3314
തിരുവനന്തപുരം: യാത്രക്കാരെ അസഭ്യം പറഞ്ഞും അധിക്ഷേപിച്ചും കെഎസ്ആർടിസി ബസ്സിൽ നിന്ന് ഇറക്കിവിട്ട് വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
തിരുവനന്തപുരത്തേക്ക് പോകുവാനുള്ള സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ ഇരുന്ന യാത്രക്കാരെയാണ് കണ്ടക്ടർ അസഭ്യം പറയുകയും ഇറക്കിവിടുകയും ചെയ്തത്. ബസിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും ഇവർ അധിക്ഷേപിച്ചു.

തനിക്ക് ബസ്സിലിരുന്ന് ഭക്ഷണം കഴിക്കണമെന്നും അതിനാൽ ഇറങ്ങിപോകണമെന്നുമായിരുന്നു കണ്ടക്ടറുടെ ആവശ്യം.

പുറത്ത് നല്ല വെയിലാണെന്നും ഒരു സീറ്റിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൂടേയെന്നും യാത്രക്കാർ പറഞ്ഞിട്ടും ഇവർ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെയാണ് ബസ്സിൽ ഉണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരോട് കണ്ടക്ടർ അസഭ്യം പറഞ്ഞത്.

തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നതെന്നും വനിതാ കണ്ടക്ടർ ആരോപിച്ചു.

വനിത കണ്ടക്ടർ സമനില തെറ്റിയതു പോലെ അസഭ്യവർഷം തുടങ്ങിയതോടെ പുരുഷൻമാർ അടക്കമുള്ള ചില യാത്രക്കാർ ആദ്യം തന്നെ ഇറങ്ങിപ്പോയി. എന്നാൽ സ്ത്രീകൾ അടക്കം പ്രായം ചെന്നവർ ബസിൽ തന്നെ ഇരുന്നു. തുടർന്ന് ഇറങ്ങുവാൻ തയ്യാറാകാത്തവരെ ഇവർ വീണ്ടും അസഭ്യം പറയുകായായിരുന്നു. ഇതോടെ യാത്രക്കാർ ബസിൽ നിന്നും ഇറങ്ങി.

ബസിൽ നിന്നും ഇറങ്ങിയ സ്ത്രീകളെയും ഇവർ തുടർന്ന് അസഭ്യം പറയുകയായിരുന്നു. കണ്ടക്ടർ അസഭ്യം പറയുന്നതിന്റെ വീഡിയോ പിൻസീറ്റിൽ ഇരുന്ന യാത്രക്കാരി പകർത്തിയിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് കണ്ടക്ടറുടെ അസഭ്യവർഷം പുറത്തായത്.

കാട്ടാക്കടയിൽ മകളുടെ സ്റ്റുഡന്റ് കൺസഷൻ കാർഡിന്റെ ആവശ്യത്തിനെത്തിയ പിതാവിനെ നാല് കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ എംഡി ബിജുപ്രഭാകർ മാപ്പ് ചോദിച്ചിരുന്നു. ഇതുപോലുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയുടെ ശാപമെന്നും ബിജു പ്രഭാകർ ചൂണ്ടിക്കാട്ടിയിരുന്നു.

വീഡിയോ കാണാം 👇