ജാവ: ഇന്തോനേഷ്യയില്‍ ഫുട്ബാള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 127 പേര്‍ കൊല്ലപ്പെട്ടു. ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ അക്രമത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകള്‍ മരിച്ചത്. 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബി.ആര്‍.ഐ ലീഗ് വണ്ണില്‍ കിഴക്കന്‍ ജാവയില്‍ കാന്‍ജുര്‍ഹാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സംഭവമുണ്ടായത്. ചിരവൈരികളായ അരേമ എഫ്‌സിയും പെര്‍സെബയ സുരബായയും തമ്മിലായിരുന്നു മത്സരം.
തോറ്റ ടീമായ അരേമ എഫ്‌സിയുടെ ആരാധകര്‍ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ആരാധകരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതോടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പൊലിസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഇന്തോനേഷ്യ ഫുട്ബാള്‍ അസോസിയേഷന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവം ഇന്തോനേഷ്യന്‍ ഫുട്‌ബോളിനെ കളങ്കപ്പെടുത്തിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നെന്നും ഇരകളുടെ കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചു.
സംഭവത്തെ തുടര്‍ന്ന് ലീഗിലെ മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.