അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ എടുത്തു, സഊദിയിൽ യുവതിക്ക് ജയിൽ ശിക്ഷ

0
1976

ജിദ്ദ: അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ എടുത്ത സഊദി യുവതിക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. ജിദ്ദ നഗരത്തിലെ റസ്റ്റോറന്റിനുള്ളിൽ അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സഊദി വനിതയെയാണ് ജിദ്ദയിലെ ക്രിമിനൽ കോടതി 48 മണിക്കൂർ തടവിന് ശിക്ഷിച്ചത്.

 

ജിദ്ദ കോർണിഷിലെ പ്രശസ്തമായ റെസ്റ്റോറന്റ്, കോഫി ഷോപ്പിൽ വെച്ചാണ് യുവതി ദമ്പതികളുടെ വീഡിയോ പകർത്തിയത്. സ്വകാര്യത ലംഘിച്ചതിന്റെ പേരിലാണ് യുവതിക്ക് വലിയ വില നൽകേണ്ടി വന്നത്. ജയിൽ ശിക്ഷക്കൊപ്പം ഭാവിയിൽ ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കില്ലെന്ന് പ്രതി പ്രതിജ്ഞയെടുക്കണമെന്നും കോടതി വിധിച്ചു.

ഒരു സ്ത്രീ തന്റെ അനുവാദമില്ലാതെ വീഡിയോ എടുത്തെന്നും, തന്നെയും ഭാര്യയെയും പരിഹസിക്കുകയും നിന്ദ്യമായ വാക്കുകൾ പറയുകയും ചെയ്തുവെന്നും ആരോപിച്ച് പൗരൻ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. തങ്ങളുടെ സ്വകാര്യത ലംഘിച്ചതിന് യുവതിയെ ശിക്ഷിക്കണമെന്ന് ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.

തുടർന്ന്, കോടതിയിൽ ഹാജരായ പ്രതിയായ യുവതി, പരാതിക്കാരന്റെയും ഭാര്യയുടെയും വീഡിയോ എടുത്തതായി സമ്മതിച്ചെങ്കിലും അവർക്കെതിരെ അപകീർത്തികരമായ വാക്കുകൾ പറഞ്ഞിട്ടില്ലെന്ന് കോടതിയെ ബോധിപ്പിച്ചു. പ്രോസിക്യൂഷൻ തന്റെ ഫോൺ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് കൈവശം താൻ ക്ലിപ്പ് ഡിലീറ്റ് ചെയ്തതായും പ്രതി പറഞ്ഞു.

ദമ്പതികൾ റസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് റോഡിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കം ചിത്രീകരിച്ചതായി യുവതി വ്യക്തമാക്കി. ഡിലീറ്റ് ചെയ്ത വീഡിയോ ക്ലിപ്പിൽ ഭർത്താവിന്റെ മുഖം കാണാമെന്നും ഭാര്യയുടെ മുഖം കാണാനില്ലെന്നും യുവതി കോടതിയിൽ സമർപ്പിച്ച മറുപടിയിൽ ചൂണ്ടിക്കാട്ടി.

ക്രിമിനൽ കോടതി തർക്കത്തിൽ ഉൾപ്പെട്ട രണ്ട് കക്ഷികളെ വിസ്‌തരിക്കുകയും അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ എടുത്തതായി പ്രതി സമ്മതിച്ചതായും ശ്രദ്ധിച്ചു. ഇത് വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടിയാണെന്നും ദമ്പതികളുടെ വ്യക്തിപരമായ അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും കോടതി പറഞ്ഞു.