റിയാദ്: 2030-ഓടെ 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി സഊദി മാറുമെന്നും ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. കഴിഞ്ഞ വർഷം മൊത്തം 65 ദശലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വിഷൻ 2030 സംരംഭങ്ങളുടെ സ്വാധീനം സഊദി നഗരങ്ങളിൽ’ എന്ന തലക്കെട്ടിലുള്ള പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
1,700 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ചെങ്കടൽ പദ്ധതി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സമഗ്രമായ സർവേയിൽ പ്രവർത്തിച്ചതിനാൽ ടൂറിസം മന്ത്രാലയത്തിന് രാജ്യത്തിന്റെ വികസനത്തിന് തന്ത്രപരമായ പദ്ധതികൾ തയ്യാറാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
2030-ഓടെ 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അതിൽ 50 ശതമാനവും തലസ്ഥാന നഗരമായ റിയാദിലായിരിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. തന്ത്രപരവും ഭരണപരവുമായ പദ്ധതികൾ വികസിപ്പിക്കുന്നതിലും രാജ്യത്തിന്റെ ടൂറിസം ഉയർച്ചയിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനവ വിഭവശേഷി പുനരധിവസിപ്പിക്കുന്നതിനായി റിയാദിൽ പരിശീലന ആസ്ഥാനം നിർമിക്കുന്നതിനുള്ള കരാറിൽ മന്ത്രാലയം ഒപ്പുവെച്ചതായി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
രാജ്യത്തിന്റെ വിഷൻ 2030 കൈവരിക്കുന്നതിനായി ടൂറിസം മേഖലയിൽ ഒരു ദശലക്ഷം തൊഴിലവസരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 50,000-ത്തിലധികം പുരുഷ സ്ത്രീ പൗരന്മാരെ മന്ത്രാലയം ഇതിനകം പരിശീലിപ്പിച്ചു
വരുന്നുണ്ട്.




