ദുബൈ: സ്വാതന്ത്ര്യ ദിനത്തില്‍ കേരള തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഫായിസിന്റെ സൈക്കിള്‍ യാത്ര യു.എ.ഇയിലെത്തുന്നു. തിങ്കളാഴ്ചയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് ഇവിടെയെത്തുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ യുവാവ് പുറപ്പെട്ടത്. ഒമാനില്‍ നിന്നാണ് അതിര്‍ത്തികടന്ന് യു.എ.ഇയില്‍ എത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര ലണ്ടന്‍ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. 450 ദിവസം പിന്നിടുമ്പോള്‍ ലണ്ടനിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറാനാകുമെന്നാണ് പ്രതീക്ഷ.
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ ‘ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്’ എന്ന മുദ്രാവാക്യവുമായാണ് യാത്ര. ടീം എക്കോ വീലേഴ്‌സിന്റെ നേതൃത്വത്തില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ പിന്തുണയോടെയാണ് സൈക്കിള്‍ യജ്ഞം.

കേരളത്തില്‍ തുടങ്ങിയ യാത്ര മുംബൈയിലെത്തിയ ശേഷം വിമാനമാര്‍മാണ് ഒമാനിലിറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് യു.എ.ഇയില്‍ എത്തുന്നത്. മൂന്നാഴ്ചയോളം ഫായിസ് യു.എ.ഇയിലുണ്ടാവും. യു.എ.ഇയില്‍ ഡി.എക്‌സ്.ബി റൈഡേഴ്‌സാണ് ഫായിസിന് അകമ്പടി സേവിക്കുന്നതും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും.
ഏഴ് എമിറേറ്റുകളും പിന്നിട്ടായിരിക്കും യു.എ.ഇ പര്യടനം. 26 ന് ഫുജൈറയിലാണ് യാത്ര തുടങ്ങുന്നത്. ഖത്തര്‍, ബഹ്‌റെന്‍, കുവൈത്ത്, ഇറാഖ്, ഇറാന്‍, ജോര്‍ജിയ, തുര്‍ക്കി എന്നിവയാണ് അടുത്ത ലക്ഷ്യസ്ഥാനങ്ങള്‍. പാകിസ്താന്‍, ചൈന എന്നിവയുടെ വിസ ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങള്‍ ഒഴിവാക്കിയാണ് യാത്ര.
ഒമാനിൽനിന്നും സൈക്കിളിൽ യു.എ.ഇ, സഊദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കി, അവിടെ നിന്ന് ബൾഗേറിയ, റുമേനിയ, മാൾഡോവ, യുെക്രയ്ൻ, പോളണ്ട്, ചെക്കേസ്ലാവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക.
അമേരിക്കന്‍ കമ്പനിയുടെ സര്‍ലേഡിസ്‌ക്ക് ട്രക്കര്‍ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്. സൈക്കിളിൽ നേരത്തേയും ഇദ്ദേഹം ഉലകം ചുറ്റിയിരുന്നു. വിപ്രോ കമ്പനിയിലെ ജോലി രാജിവെച്ച് 2019 ൽ കോഴിക്കോട്നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര.
നേപ്പാൾ, ബൂട്ടാൻ, മ്യാന്മർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്. കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണയാണ് യാത്രക്ക് കൂടുതൽ കരുത്തു നൽകുന്നതെന്ന് ഫായിസ് പറഞ്ഞു. ഭാര്യ ഡോ. അസ്മിന്‍ യാത്രക്ക് എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കുന്നുണ്ട്. ഫഹ്‌സിന്‍ ഒമര്‍, അയ്‌സിന്‍ നഹേല്‍ എന്നിവര്‍ മക്കളാണ്.