ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ 92-മത് സഊദി ദേശീയ ദിനം ആഘോഷിച്ചു. മതാർ ഖദീമിലെ ഖാലിദിയ പാർക്കിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ കൊണ്ടോട്ടി സെന്ററിന്റെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ദേശീയ ദിനാഘോഷത്തിന് വർണ്ണപ്പകിട്ട് നൽകാൻ എല്ലാവരും പച്ച തൊപ്പിയും വെള്ള കുപ്പായവും 92- മത് ദേശിയ ദിന ശീർഷകമായ “ഇത് നമ്മുടെ വീടാണ് ” എന്ന സന്ദേശം അടങ്ങിയ ഷാളും അണിഞ്ഞാണ് പരിപാടിക്ക് എത്തിയത്. സഊദി ദേശീയ ഗാനത്തോടെ പരിപാടിക്ക് തുടക്കമായി. മധുര പലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചും ദേശ ഭക്തി ഗാനങ്ങൾ ആലപിച്ചും പരിപാടി ആസ്വാദ്യകരമാക്കി.
സലിം മധുവായി, കബീർ കൊണ്ടോട്ടി, എ.ടി ബാവ തങ്ങൾ, കുഞ്ഞു കടവണ്ടി, ഹസ്സൻ കൊണ്ടോട്ടി, ഇർഷാദ് കളത്തിങ്ങൽ, കബീർ തുറക്കൽ, റഫീഖ്, ജംഷി, ഗഫൂർ ചുണ്ടക്കാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




