ദോഹ: ആരോഗ്യ സുരക്ഷയുടെ ഭാഗമായി കോവിഡ് പ്രതിരോധ വാക്സിനും പകർച്ചപ്പനിക്കെതിരായ വാക്സിനും സ്വീകരിക്കണമെന്ന്
ലോകകപ്പിനെത്തുന്നവരോട്
ഖത്തർ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
ലോകകപ്പ് സംബന്ധിച്ച ആരോഗ്യ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന ‘ഫാൻ ഹെൽത്ത് ഇൻഫർമേഷൻ’ വെബ്സൈറ്റിലാണ് ലോകകപ്പ് കാണികൾക്കുള്ള ആരോഗ്യ നിർദേശങ്ങൾ വ്യക്തമാക്കിയത്. അർഹരായ വിഭാഗങ്ങൾ ഖത്തറിലേക്കുള്ള യാത്രക്ക് മുമ്പ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ശിപാർശ ചെയ്യുന്നതായി അറിയിച്ചു.
ഇതിനു പുറമെ, നവംബർ-ഡിസംബർ മാസങ്ങളിലെ തണുപ്പുകാലത്താണ് കളിയെന്നതിനാൽ പകർച്ചപ്പനിക്കെതിരായ വാക്സിനും കുത്തിവെക്കണമെന്നും നിർദേശിച്ചു.
ദശലക്ഷം കാണികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുമ്പോൾ വാക്സിനെടുത്ത് രോഗ പ്രതിരോധ ശേഷി ഉറപ്പാക്കണമെന്നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം എല്ലാ കാണികളോടുമായി നിർദേശിക്കുന്നത്. ആവശ്യമായ മരുന്നുകൾ കൈയിൽ കരുതുക, രക്ത ഗ്രൂപ്പ് ഏതാണെന്ന് അറിയുക, പതിവ് ഹെൽത്ത് ചെക്കപ്പ് നടത്തുക എന്നീ നിർദേശങ്ങളുമുണ്ട്.”