നാസർ ശാന്തപുരത്തിന് യാത്രയയ്പ്പ് നൽകി

ജിദ്ദ: 43 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന നാസർ ശാന്തപുരത്തിന് ജിദ്ദ – ശാന്തപുരം മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി. ബവാദിയിലെ ഷാലിമാർ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ കെ. പി മുസ്തഫ അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി ബീരാൻ നാസർ ശാന്തപുരത്തിന്റെ പ്രവാസ ജീവിതം ഹ്രസ്വമായി അവതരിപ്പിച്ചു

1984- ൽ ജിദ്ദയിൽ ശാന്തപുരം മഹല്ല് കമ്മിറ്റി രൂപീകരിച്ചത് മുതൽ വർക്കിങ് കമ്മിറ്റി മെമ്പർ, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വായിച്ചിട്ടുണ്ട്. 4 തവണ കമ്മിറ്റി പ്രസിഡന്റ്‌ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കുറേക്കാലം നിർജീവമായി കിടന്ന ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷനെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കുവാൻ ചുക്കാൻ പിടിക്കുകയും അന്നുമുതൽ ഇന്നുവരെ ഇതിൻെറ പ്രസിഡണ്ടായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ കലയളവിൽ അദ്ദേഹം മഹല്ലിനും, ജിദ്ദ മഹല്ല് നിവാസികൾക്കും ഏറെ ഗുണം ചെയ്യുന്ന ഒട്ടേറെ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.
ആദ്യമായി ജിദ്ദയിലെ മഹല്ല് നിവാസികളുടെ ഡാറ്റാബേസ് തയ്യാറാക്കി.
അതിന് ശേഷം ഈ സംഘടനയ്ക്ക് ഒരു ഭരണഘടന ഉണ്ടാക്കാൻ നേതൃത്വം നൽകി. അന്ന് മുതൽ ജിദ്ദ മഹല്ല് നിവാസികളിൽ നിന്നു കൃത്യമായി വരിസംഖ്യ പിരിക്കാൻ പദ്ധതി തയ്യാറാക്കി.

മഹല്ല് നിവാസികൾക്ക് വേണ്ടി ആരോഗ്യ സെമിനാറുകളും വിവിധ മോട്ടിവേഷൻ ക്ലാസുകളും അദ്ദേഹത്തിൻറെ കാലയളവിൽ വളരെ വിപുലമായി നടത്തുകയുണ്ടായി. മഹല്ല് നിവാസികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഒരു സാമൂഹ്യ സമ്പാദ്യ പദ്ധതിക്ക് രൂപം നൽകുകയും അതിൻറെ രക്ഷാധികാരിയായി നിലകൊള്ളുകയും ചെയ്തു.

പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ജിദ്ദയിലെ മഹല്ല് നിവാസികളായ കമറുദ്ദീൻ കെ. ടി, ഫാറൂഖ് കെ.വി, മുജീബ് പി.സി, ഉമ്മർ കുരിക്കൾ, അബ്ദുൽ ഹമീദ് നെടുമണ്ണിൽ എന്നിവരും ശാന്തപുരം അൽ ജാമിയ അലുംമിനിയെ പ്രതിനിധീകരിച്ച് ആബിദ് ഹുസൈൻ, മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഇബ്‌റാഹീം ശംനാട്, സക്കീർ ഹുസൈൻ, ഹനീഫ മാസ്റ്റർ എന്നിവരും സംസാരിച്ചു. ഹനീഫ മാസ്റ്റർ, സഹറിഷ് കമർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

നാസർ ശാന്തപുരം മറുപടി പ്രസംഗം നടത്തി. തൻറെ ആദ്യപ്രവാസം ഖത്തർ ആയിരുന്നു എന്നും ലോഞ്ചിലെ പ്രയാസമേറിയ യാത്രയുടെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. സഹറിഷ് കമർ ഖിറാഅത് നടത്തി. ഷബീർ അലി സ്വാഗതവും മുജീബ് പുതുവൻ ചോല നന്ദിയും പറഞ്ഞു.