റിയാദ്: ഗാർഹിക തൊഴിലാളികൾക്കുള്ള വാർഷിക ലെവി നിർത്തലാക്കാനുള്ള സാധ്യതയെക്കുറിച്ച് പഠനം നടത്തണമെന്ന് ശൂറ കൗൺസിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കൗൺസിലിൽ വൈസ് പ്രസിഡന്റ് ഡോ: മിഷാൽ അൽ സുല്ലമിയുടെ അധ്യക്ഷതയിൽ നടന്ന വെർച്വൽ സെഷനിലാണ് ഇക്കാര്യം ഉയർന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം മെയ് 22 മുതൽ ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താനുള്ള മന്ത്രി സഭ തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. സഊദി തൊഴിലുടമകളുടെ കീഴിൽ വീട്ടു ജോലിക്കാരുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ 9,600 റിയാൽ വാർഷിക ഫീസ് നൽകണം. അതേസമയം വിദേശികളുടെ കീഴിലുള്ള ഗാർഹിക തൊഴിലാളികളിൽ രണ്ടിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ ഓരോ തൊഴിലാളിക്കും ലെവി നൽകണം.
തീരുമാനമനുസരിച്ച്, സഊദി തൊഴിലുടമ അഞ്ചാമത്തെ ഗാർഹിക തൊഴിലാളിയെ നിയമിച്ചാൽ വാർഷിക ഫീസ് നൽകണം. അതേസമയം, മൂന്നാമത്തെ തൊഴിലാളിയെ നിയമിച്ചാൽ പ്രവാസി തൊഴിലുടമയും ലെവി ഫീസ് നൽകണം. ആദ്യ ഘട്ടം പുതിയ വീട്ടുജോലിക്കാർക്ക് മാത്രമാണ് ബാധകമാകുന്നത്. 2023 മെയ് 11 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ടത്തിൽ പുതിയവർക്കും നിലവിലുള്ള വീട്ടുജോലിക്കാർക്കും ലെവി ബാധകമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.