തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തടഞ്ഞു; ആരിഫ് മുഹമ്മദ് ഖാന്‍

0
1527

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.

ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന പോരു തുടരുന്ന ഗവർണരെ അനുനയിപ്പിക്കാൻ സർക്കാർ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെ വാർത്താസമ്മേളനവുമായി ഗവർണർ മുന്നോട്ടു പോകുകയായിരുന്നു. വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല.