അബുദാബി: യുഎഇ-ഇസ്രഈൽ സമാധാന കരാറിനു ശേഷം അബുദാബിയിൽ നടന്ന ആദ്യ ജൂത വിവാഹത്തിന് ഏഴു ഭൂഖണ്ഡങ്ങളും സാക്ഷിയായി. ഏഴു നിറം പോലെ, ഏഴു സ്വരം പോലെ പൂർണതയുടെ ഏഴിൽ റബ്ബി ഡച്ച്മാനും ലീ ഹദാദുമാണ് ഒരുമിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൂത വിവാഹമായിരുന്നു അത്. 1500ൽ അധികം അതിഥികൾ. വിവിധ രാജ്യങ്ങളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ള പുരോഹിതർ, വിവിധ ഭാഷക്കാർ, വിവിധ സംസ്കാരങ്ങൾ എല്ലാം സമന്വയിച്ച വേദിയിലായിരുന്നു ആ വിവാഹം.
വിവാഹത്തിന്റെ ഭാഗമായി ആചാരങ്ങൾ കൈവിടാതെ ബുധനാഴ്ച തുടങ്ങിയ ആഘോഷം 7 ദിവസം നീണ്ടു. വരനെയും വധുവിനെയും വേദിയിലെത്തിച്ചത് ആചാരപ്രകാരം. വധു വരനെ 7 തവണ വലം വച്ചു. 7 അതിഥികൾ 7 പ്രാർഥനകൾ ചൊല്ലിയതോടെ വിവാഹ ചടങ്ങുകൾ സമാപിച്ചു. വിദേശത്തു നിന്ന് എത്തിയ പുരോഹിതരും യുഎഇയിലെ ജൂത സമുദായ നേതാക്കളും പ്രാർഥനയ്ക്കു നേതൃത്വം നൽകി. അറബിക് ഭാഷയിലും പ്രാർഥനകളുണ്ടായിരുന്നു.
പാരമ്പര്യമനുസരിച്ചു വിവാഹത്തിന് ഒരാഴ്ച മുൻപ് വരനും വധുവും അകന്നു താമസിച്ചു. ഈ സമയം പരസ്പരം കാണാനോ സംസാരിക്കാനോ പാടില്ല. ഇതിനു ശേഷമാണു വിവാഹ വേദിയിലേക്കു വധൂവരന്മാർ എത്തുക. 15 രാജ്യങ്ങളിൽനിന്നുള്ള 1500ലേറെ പേർ പങ്കെടുത്തു. ജപ്പാൻ, ദക്ഷിണ കൊറിയ, ഫിൻലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 20 വിശിഷ്ടാതിഥികളും പങ്കെടുത്തു.
സഹിഷ്ണുതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന യുഎഇയോട് ചേർന്നു ജീവിക്കാനാണ് ഇഷ്ടമെന്നു ദമ്പതികൾ പ്രഖ്യാപിച്ചു. മനുഷ്യത്വത്തെ പിന്തുണയ്ക്കുന്ന എല്ലാ സമൂഹങ്ങളെയും ചേർത്തു നിർത്തുന്ന ദമ്പതികളാകാനാണ് ആഗ്രഹമെന്നും 8 വർഷമായി യുഎഇയിൽ ജൂത സമൂഹത്തിനു നേതൃത്വം നൽകുന്ന റബ്ബി ലെവി ഡച്ച്മാൻ പറഞ്ഞു. മൊറോക്കോയിൽ ജനിച്ചുവളർന്ന അറേബ്യൻ പാരമ്പര്യത്തോട് അടുത്തുനിൽക്കുന്ന ലീ ഹദാദിനും ഇവിടെ തുടരാനാണിഷ്ടം.