റിയാദ്: ജീവിത നിലവാരം മെച്ചപ്പെടുത്തി നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി സഊദിയിൽ 200 സ്മാർട് നഗരങ്ങൾ വരുന്നു.
റിയാദിൽ ഇന്നലെ സമാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോയിൽ പ്രഖ്യാപിച്ച സ്മാർട്ടത്തോൺ പദ്ധതി അനുസരിച്ചാണ് സ്മാർട് നഗരം പണിയുക.
സുരക്ഷിതവും ആരോഗ്യകരവുമായ ഡിജിറ്റൽ നഗരമാണ് ലക്ഷ്യമെന്ന് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി മേധാവി അബ്ദുല്ല അൽ ഗംദി പറഞ്ഞു.
സാമ്പത്തികം, ആരോഗ്യസംരക്ഷണം, മാനവശേഷി വികസനം തുടങ്ങി സമസ്ത മേഖലകളിലും നിർമിത ബുദ്ധിയിലൂടെ സേവനം മെച്ചപ്പെടുത്തുമെന്നും പറഞ്ഞു.
കിരീടാവകാശിയും ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷകർതൃത്വത്തിൽ റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലായിരുന്നു ഉച്ചകോടി.
ആഗോള സ്ഥാപന മേധാവികൾ, സാങ്കേതിക വിദഗ്ധർ, മന്ത്രിമാർ, ലോകപ്രസ്‌ത സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും അടക്കം നിരവധി പ്രതിനിധികളും ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു.
സൗദി അറേബ്യൻ എയർലൈൻസ് അടക്കമുള്ള ദേശീയ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി അടക്കമുള്ള സ്ഥാപനങ്ങളും സാങ്കേതിക കലാശാലകളും ആഗോള സ്ഥാപങ്ങളുമായി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.