സ്‌നാപ് ചാറ്റ് അക്കൗണ്ടിലൂടെ വ്യാജ ഉല്‍പന്നങ്ങള്‍ വിപണനം നടത്തിയ സെലിബ്രിറ്റിക്ക്‌ 50,000 റിയാല്‍ പിഴ

0
937

റിയാദ്: സ്‌നാപ് ചാറ്റ് അക്കൗണ്ടിലൂടെ വ്യാജ ഉല്‍പന്നങ്ങള്‍ വിപണനം നടത്തിയ സെലിബ്രിറ്റിക്ക്‌ പിഴ ചുമത്തി.

തന്റെ അക്കൗണ്ടു വഴി പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വ്യാജ ലേഡീസ് വാനിറ്റി ബാഗുകളും പാദരക്ഷകളും വിപണനം നടത്തിയ കേസിലാണ് സാമൂഹിക മാധ്യമ സെലിബ്രിറ്റിയായ സൗദി യുവാവിന് റിയാദ് അപ്പീല്‍ കോടതി 50,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, ട്രേഡ്മാര്‍ക്ക് നിയമം എന്നിവ ലംഘിച്ച കേസിലാണ് സൗദി പൗരന്‍ അബ്ദുല്ല ഈദ് ആയിദ് അല്‍ഉതൈബിക്ക് കോടതി പിഴ ചുമത്തിയത്. റിയാദ് കേന്ദ്രീകരിച്ചാണ് സെലിബ്രിറ്റി സ്‌നാപ് ചാറ്റ് അക്കൗണ്ടിലൂടെ വ്യാജ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്തിരുന്നത്.

നിയമ ലംഘകന്റെ പക്കല്‍ കണ്ടെത്തിയ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. സൗദി പൗരന്റെ പേരുവിവരങ്ങളും ഇയാള്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.

അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വ്യാജ ലേഡീസ് ഉല്‍പന്നങ്ങള്‍ സ്‌നാപ് ചാറ്റിലൂടെ വിപണനം നടത്തിയിരുന്ന സൗദി പൗരന്‍ ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരമുള്ള ഉല്‍പന്നങ്ങള്‍ ലക്ഷ്വറി കാറുകളിലാണ് വിതരണം ചെയ്തിരുന്നത്.