റിയാദ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചിലവ് അംഗീകൃത നിരക്കിൽ നിന്നും ഉയർന്ന പരിധി കടക്കരുതെന്ന് റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD) നിർദ്ദേശം നൽകി.
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിൽ ബ്രോക്കറേജ് സേവനങ്ങൾ നൽകുന്ന എല്ലാ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും റിക്രൂട്ട്‌മെന്റ് ചിലവ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരമാവധി പരിധിയിൽ കവിയരുത് എന്ന നിർദ്ദേശം പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റിക്രൂട്ട്‌മെന്റ് മാർക്കറ്റിലെ വിലകളുടെ നടപടിക്രമങ്ങൾ നിയന്ത്രിക്കാനും, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അവ നടപ്പിലാക്കുന്നത് നിയന്ത്രിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രാലയം അറിയിച്ചു.
ഓരോ രാജ്യത്തു നിന്നുമുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചെലവ് ഉയർന്ന പരിധി കവിയാൻ പാടില്ലെന്നും മന്ത്രാലയം നിർദേശിച്ചു. ചില പ്രധാന രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവിന്റെ പരമാവധി പരിധി ഇനിപ്പറയുന്നതാണ്: SR9,500 – ഉഗാണ്ട; SR10,000 -തായ്‌ലൻഡ്; SR10,870 -കെനിയ; SR13,000 -ബംഗ്ലാദേശ്; SR17,288 ഫിലിപ്പീൻസ്. മൂല്യവർധിത നികുതി (വാറ്റ്) ഈ നിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിർദേശം ലംഘിക്കുന്നവർ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലംഘനങ്ങൾക്കുള്ള പിഴകൾ മൂസാനെഡ് പ്ലാറ്റ്‌ഫോം വഴി പ്രയോഗിക്കും. “തൊഴിൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും തൊഴിൽ വിപണി അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ആഗോള തൊഴിൽ വിപണി ചട്ടങ്ങൾക്ക് അനുസൃതമായി ആകർഷകത്വം വർദ്ധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ചട്ടക്കൂടിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.




