റിയാദ്: സഊദിയിലെ സ്ഥിര താമസക്കാരായ വിദേശികൾക്ക് നൽകുന്ന റസിഡന്റ് വിസയായ ഇഖാമക്ക് പുതിയ രൂപം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഹവിയത് മുഖീം അഥവാ ഇഖാമയുടെ പരിഷ്കരിച്ച മോഡൽ ആണ് പുറത്ത് വിട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യക്തികളുടെ അബ്ഷിർ മൊബൈൽ ആപ്പിലെ അകൗണ്ടിൽ പരിഷ്കരിച്ച ഇഖാമയുടെ പതിപ്പ് ഇപ്പോൾ കാണാനാകും. നിലവിൽ ഉണ്ടായിരുന്ന രൂപത്തിൽ ചില വ്യത്യാസങ്ങൾ പുതിയ കാർഡിൽ വരുത്തിയിട്ടുണ്ട്. പുതിയ മോഡലിൽ ഇഖാമ കാർഡിന് രൂപമാറ്റം വളരെ ശ്രദ്ധേയമാണ്. പുതിയ കാർഡിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ എംബ്ലം കൃത്യമായി ബാക്ഗ്രൗണ്ടിൽ കാണുന്ന രൂപത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

കൂടാതെ, ഇഖാമ എക്സ്പയർ ഡേറ്റ് നൽകിയിട്ടുണ്ട്. നേരത്തെ, പല കാർഡുകളിലും ഇഷ്യു തിയ്യതി മാത്രം ആയിരുന്നു നൽകിയിരുന്നത്. പുതിയ രൂപത്തിലുള്ള കാർഡിൽ സ്പോൺസറുടെ ഐഡി നമ്പറും, ജനിച്ച രാജ്യവും നൽകിയതും ശ്രദ്ധേയമാണ്. പഴയ കാർഡിലെ ബാർ കോഡിന് പകരം ക്യു ആർ കോഡ് ആണ് പുതിയ മോഡൽ കാർഡിൽ ഉള്ളത്.
പഴയ കാർഡിലേതു പോലെ ഇംഗ്ലീഷിലും അറബിയിലും മുഴുവൻ പേര്, ഇഖാമ നമ്പർ, ജനന തിയ്യതി, രാജ്യം, പ്രൊഫഷൻ, ഇഷ്യു ചെയ്ത സ്ഥലം, കമ്പനി/സ്പോൺസർ പേര്, മതം, വേർഷൻ നമ്പർ എന്നിവ അത് പോലെ തന്നെ നില നിർത്തിയിട്ടുണ്ടെങ്കിലും ലേഔട്ടിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.
പുതിയ രൂപം കാണാനായി അബ്ഷിർ അപ്ഡേറ്റ് ചെയ്യണം. പുതുതായി ഇഷ്യു ചെയ്ത് ലഭിക്കുന്ന കാർഡ് ഇഖാമയും ഇനി പുതിയ രൂപത്തിൽ ആയിരിക്കും ലഭിക്കുകയെന്നാണ് കരുതുന്നത്.




