സ്കൂൾ ബസിൽ കുട്ടി മരിച്ച കേസിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന; മൃതദേഹം നാട്ടിലെത്തിച്ചു

0
726

ദോഹ: ഖത്തറിൽ സ്കൂൾ ബസിൽ കുട്ടി മരിച്ച കേസിൽ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന.

കോട്ടയം ചിങ്ങവനം സ്വദേശി മിൻസ മറിയം ജേക്കബിന്‍റെ (4) മൃതദേഹം രണ്ടു ദിവസത്തിനു ശേഷം രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ എട്ടേമുക്കാലോടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി.

രണ്ടു ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. ആശുപത്രി മോര്‍ച്ചറിക്കു മുന്‍പില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി എത്തിയിരുന്നു. മിന്‍സയുടെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിന്‍ത് അലി അല്‍ നുഐമി അല്‍ വക്രയിലെ വീട്ടില്‍ എത്തിയിരുന്നു.

കുട്ടി മരിച്ച സംഭവത്തിൽ ഖത്തറിലെ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്കൂൾ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. മിന്‍സയുടെ പിതാവ് അഭിലാഷ് ചാക്കോ, മാതാവ് സൗമ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ബുഥെയ്ന, കുടുംബത്തിന്റെ ഒപ്പം സർക്കാരുണ്ടെന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്.