മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; ഉടൻ നാട്ടിലെത്തും

0
2497

ദോഹ: ഖത്തറിൽ സ്കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം (04) ജേക്കബിന്‍റെ മൃതദേഹം ഉടൻ നാട്ടിലെത്തിച്ചു. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ എട്ടേമുക്കാലോടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. എല്ലാവരെയും സങ്കടത്തിലാഴ്ത്തിയ മിൻസയ്ക്കു ദോഹ കണ്ണീരോടെയാണു വിടനൽകിയത്. മിൻസയുടെ സംസ്കാരം ഇന്ന് തന്നെ നടക്കും. അൽ വക്രയിലെ മോര്‍ച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അര്‍പ്പിക്കാനെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാലു വയസുകാരിക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ സ്വന്തം ജീവൻ ബലി നല്‍കേണ്ടി വന്നത്. രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.

രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മ‍ൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. അൽ വക്രയിലെ എമര്‍ജൻസി ആശുപത്രി മോര്‍ച്ചറിക്ക് മുന്നിൽ മിൻസയെ അവസാനമായി കാണാൻ വൻ ജനാവലി എത്തി. നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും. മിൻസയുടെ മരണത്തിൽ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെ ഖത്തര്‍ വിദ്യാഭ്യാസമന്ത്രി മിൻസയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. ആവശ്യമായ എല്ലാ സഹായവും ഖത്തര്‍ സര്‍ക്കാര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. സ്കൂള്‍ ബസിൽ ഇരുന്ന് മിൻസ ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.

സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സ്‌കൂള്‍ അടച്ചുപൂട്ടാനും ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. അല്‍ വക്‌റയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനാണ് അടപ്പിച്ചത്.