മനാമ: സന്ദർശക വിസയിൽ ജോലി തേടി വരുന്ന പ്രവണത ഏറി വരുന്നതിനൊപ്പം ചതിയിൽ പെട്ട് ദുരിതക്കയത്തിൽ കഴിയുന്നവരുടെ എണ്ണവും വർധിക്കുന്നു. ഏറ്റവും ഒടുവിലായി ബഹ്‌റൈനിൽ എത്തിയ മലയാളി സംഘം മാസങ്ങളായി ദുരിതത്തിൽ കഴിയുകയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബഹ്റൈനിൽ ജോലി ലഭിക്കുമെന്ന് മോഹിപ്പിച്ച് കാസർകോട്ടുള്ള ഏജൻസി മുഖേന ഇവിടെ എത്തിയവരാണ് ബുദ്ധിമുട്ടിലായത്. ഒന്നര ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെ വിസക്കുവേണ്ടി നൽകിയവരും കൂട്ടത്തിലുണ്ട്. എന്നാൽ, ജോലിയൊന്നും ലഭിക്കാതെ അഞ്ചു മാസത്തോളമായി സെഹ്ലയിലെ ഫ്ലാറ്റിൽ കഴിയുകയാണ് ഇവർ.
ഏജന്‍റുമാരുടെ മോഹനവാഗ്ദാനങ്ങൾ കേട്ട് സന്ദർശക വിസയിൽ വന്ന് കുടുങ്ങുന്ന സംഭവങ്ങൾ ദിനംപ്രതിയെന്നോണം ആവർത്തിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണിവർ. സന്ദർശക വിസയിൽ വന്ന് ജോലി ലഭിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അത്ര എളുപ്പമല്ല.
പാലക്കാട്, കൊല്ലം, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽനിന്നുള്ള പത്തുപേരാണ് സംഘത്തിലുള്ളത്. നേരത്തേ 25 പേരുണ്ടായിരുന്നുവെങ്കിലും ബാക്കിയുള്ളവർ വിവിധ സമയങ്ങളിലായി നാട്ടിലേക്ക് തിരിച്ചുപോയി. സേഫ്റ്റി ഓഫിസർ, ഡ്രൈവർ, ക്രെയിൻ ഓപറേറ്റർ തുടങ്ങിയ ജോലികൾക്കായി എത്തിയവരാണ് ഇവർ. ക്രെയിൻ ഓപറേറ്റർക്ക് 50,000 രൂപയും സേഫ്റ്റി ഓഫിസർക്ക് 600 ദീനാറുമാണ് (ഏകദേശം 1.2 ലക്ഷം രൂപ) ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്.
ബഹ്റൈനിലെത്തി ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ ജോലി ശരിയാക്കുമെന്നും താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ ചെലവുകളും തങ്ങൾതന്നെ വഹിക്കുമെന്നും വാഗ്ദാനങ്ങളിൽ ഉണ്ടായിരുന്നു. കാസർകോട്ടുള്ള ഏജൻസിയെ ബന്ധപ്പെട്ടത്. അവർ മുഖേന ബഹ്റൈനിലെ ഏജന്‍റ് ഓൺലൈനിൽ അഭിമുഖം നടത്തിയാണ് ജോലി വാഗ്ദാനം നൽകിയത്. ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഏജന്‍റിന്റെ സംസാരമെന്ന് ഇരകളായവർ പറയുന്നു.
ബഹ്റൈനിലെത്തി മാസങ്ങളായിട്ടും ജോലി ലഭിക്കാതെ നിരാശരായ ഇവർ ഏജന്‍റിനെ ബന്ധപ്പെട്ടപ്പോൾ താമസത്തിനും ഭക്ഷണത്തിനും ടിക്കറ്റിനും വിസക്കും ചെലവായത് കഴിച്ചുള്ള തുകയേ തിരിച്ചുനൽകൂവെന്നാണ് പറയുന്നത്. സാമൂഹിക പ്രവർത്തകർ മുഖേന രണ്ടുമാസം മുമ്പ് ഇന്ത്യൻ എംബസി ഓപൺ ഫോറത്തിലും ഇവർ വിഷയം അവതരിപ്പിച്ചിരുന്നുവെങ്കിലും പരിഹാരം കാണാനായിട്ടില്ല. മറ്റു ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.
ഫ്ലാറ്റിലെ ഒരു മുറിയിൽ എട്ടുപേർ തിങ്ങിഞെരുങ്ങിയാണ് കഴിയുന്നത്. ഇത്രയധികം പേർ ഒരു മുറിയിൽ താമസിക്കുന്നത് കണ്ട് കഴിഞ്ഞ ദിവസം ഫ്ലാറ്റുടമ വന്ന് ശകാരിക്കുകയും എത്രയും പെട്ടെന്ന് ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇവർ നാട്ടിലേക്ക് തിരിച്ചുപോയി കാസർകോട്ടെ ഏജന്‍റിൽനിന്ന് പണം തിരിച്ചുചോദിക്കട്ടെ എന്നാണ് ബഹ്‌റൈനിലെ ഏജന്റിന്റെ നിലപാട്. തങ്ങൾ ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിനാണ് ഇവരെ കൊണ്ടുവന്നതെന്നും എന്നാൽ, സ്ഥാപനങ്ങൾ തുടങ്ങാൻ വൈകിയതുകാരണം ജോലി നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.