അബുദാബി: മരുഭൂമിയിൽ നിന്നു ആഗോളനഗരമായുള്ള അബുദാബിയുടെ വളർച്ച വിവരിച്ച് വർണ്ണ പൂക്കളം. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടര നൂറ്റാണ്ടുമുമ്പ് കല്ലിൽ കെട്ടിയുയർത്തിയ പൗരാണിക കൊട്ടാരമായ ഖസ്ർ അൽ ഹുസൻ മുതൽ വിസ്മയക്കാഴ്ചയായ വൃത്താകൃതിയിലുയർത്തിയ അൽദാർ ആസ്ഥാനനിലയം, സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ഷെയ്ഖ് സായിദ് വലിയ പള്ളി വരെ ഇവിടെ പൂക്കളാൽ യാഥാർഥ്യമായി.

വ്യത്യസ്തമായി ഓണമാഘോഷിക്കാൻ അബുദാബിയിലെ ആരോഗ്യപ്രവർത്തകർ ഒരുമിച്ചപ്പോഴാണ് 700 കിലോ പൂക്കൾ കൊണ്ട് നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളമെന്ന ആശയം പവിട്ടത്.

ആഗോള നഗരമെന്ന പ്രൗഢിക്ക് ഇണങ്ങും വിധം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അബുദാബിയിലെ താമസക്കാരായ നാനൂറിലേറെ ആരോഗ്യപ്രവർത്തകർ പൂക്കളമൊരുക്കാനായി ഒത്തുചേർന്നു.

ഇവരുടെ 16 മണിക്കൂർ നീണ്ട പ്രയത്ന ഫലമാണ് 250 ചതുരശ്ര മീറ്റർ വലിപ്പത്തിലുള്ള പൂക്കളം. അബുദാബി സ്‌കൈലൈൻകാഴ്ചയുടെ ഭാഗമായ അൽ ബഹാർ ടവർ, എത്തിഹാദ് ടവർ, ക്യാപിറ്റൽ ഗേറ്റ് ബിൽഡിങ്, എൻബിഎഡി ആസ്ഥാനം എന്നീ കെട്ടിടങ്ങളും പൂക്കളത്തിലുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് പ്രത്യേക ഓർഡർ നൽകിയാണ് ആഘോഷത്തിനുള്ള പൂക്കൾ എത്തിച്ചത്.

പൂക്കളത്തിനു ചുറ്റും ഒരുക്കിയ പ്രത്യേക തിരുവാതിരയായിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. 44 ആരോഗ്യപ്രവർത്തകരാണ് തിരുവാതിരയിൽ ചുവടുവച്ചത്. വ്യത്യസ്‍തമായ ഓണാഘോഷത്തിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അബുദാബിയുടെ നേട്ടങ്ങൾ കൂടി ആഘോഷിക്കുകയെന്നലക്ഷ്യത്തോടെയാണ് നഗരം പ്രമേയമായ പൂക്കളം ഒരുക്കിയതെന്നും ഇതിന് നേതൃത്വം നൽകിയ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ഇന്ത്യ, നേപ്പാൾ, യുഎഇ, സഊദി, സിറിയ, ഈജിപ്ത്, ഒമാൻ, ഫിലിപ്പീൻസ് തുടങ്ങിയ 12 രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ളവർ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളും കുടുംബാംഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.




