റിയാദ്: സഊദിയിൽ സ്പോൺസർഷിപ്പ് മാറ്റത്തിന്റെ രണ്ടാം ഘട്ട പരിഷ്കരണം പ്രാബല്യത്തിലായി. സഊദി തൊഴിൽ മാനവ വിഭവ ശേഷി മന്ത്രാലയമാണ്ഇ ഇക്കാര്യം അറിയിച്ചത്. ഇതോടെ, പഴയ ലെവി കുടിശ്ശികയുടെ ഭാരമില്ലാതെ തന്നെ തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇഖാമ പുതുക്കാന്‍ തയ്യാറാകാത്ത തൊഴിലുടമയില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന സമയത്ത് പഴയ ഇഖാമ കുടിശ്ശിക അടക്കാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് മാറാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വന്നത് പ്രവാസികൾക്ക് ഏറെ ഗുണകരമാകും.
നേരത്തെ ഈ ആനുകൂല്യം വ്യക്തിഗത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാത്രമായിരുന്നു ബാധകമായിരുന്നതെങ്കിൽ ഇപ്പോൾ മുഴുവൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബാധകമാകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് എടുക്കാനായുള്ള അപേക്ഷ അയച്ചുകഴിഞ്ഞാല്‍ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ‘ഖിവ’ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് പുതിയ ഒപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. പഴയ തൊഴിലുടമ അടക്കാത്ത ഇഖാമ ഫീസ് അദ്ദേഹത്തിന്റെ മേല്‍ തന്നെ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറ്റം എന്ന ഒപ്ഷനാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.
ഇതോടെ, സ്പോൺസർഷിപ്പ് മാറിയ ദിവസം മുതലുള്ള ലെവി തുകയാണ് പുതിയ സ്പോൺസർ അടക്കേണ്ടി വരിക. പുതിയ അനുകൂല്യം തൊഴിൽ വിപണി കൂടുതൽ ആകർഷകമാക്കുകയും തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. തൊഴിലാളികള്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിപ്പോയാലും പഴയ സ്‌പോണ്‍സര്‍ ഇഖാമ പുതുക്കി നല്‍കിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് തന്നെ അത് ബാധ്യതയുമാകും. അതിനാൽ തന്നെ പഴയ സ്പോൺസർമാർ ഇഖാമ പുതുക്കാൻ നിർബന്ധിതരായിത്തീരുമെന്നാണ് കരുതുന്നത്.
ഇഖാമ കാലാവധി അവസാനിച്ചതിനാൽ കഫീലിന്റെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുമെങ്കിലും പഴയ സ്പോൺസർ അടക്കാനുളള ലെവി കുടിശ്ശികയുടെ ഭാരമോർത്ത് പലരും കഫാല മാറാതെ എക്സിറ്റ് ഇഷ്യു ചെയ്യാറാണ് പതിവ്. പുതിയ ആനുകൂല്യ പ്രകാരം ഇനി പഴയ ലെവിയുടെ ഭാരമില്ലാതെത്തന്നെ കഫാല മാറാമെന്നത് നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.




